ജലീലിന്റെ വാദം പൊളിയുന്നു; ഭാര്യ പ്രിന്‍സിപ്പലായത് ഇടത് ഭരണകാലത്ത് തന്നെ
മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണെന്ന മന്ത്രിയുടെ വാദം പൊളിയുന്നു. കെ.ടി ജലീല്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
സ്‌കൂള്‍ മാനേജര്‍ അപ്പോയിന്‍മെന്റ് ഓഡര്‍ നല്‍കിയത് 2016 മേയ് ഒന്നിനായിരുന്നു. എന്നാല്‍ ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുള്ള ഹയര്‍സെക്കന്‍ഡറി പ്രാദേശിക ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത് ജലീല്‍ മന്ത്രിയായ ശേഷം 2016 ജൂലൈ 26 നാണ്
2016 ഏപ്രില്‍ 30ന് സര്‍വിസില്‍നിന്ന് വിരമിച്ച വിജയരാഘവന് പകരമായാണ് മന്ത്രിയുടെ ഭാര്യയെ നിയമിച്ചത്.
നിയമപ്രകാരം 12 വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി അധ്യാപന പരിചയമാണ് പ്രിന്‍സിപ്പല്‍ക്കുള്ള അടിസ്ഥാന യോഗ്യത.
ഹയര്‍സെക്കന്‍ഡറി വകുപ്പ് അംഗീകരിച്ച സീനിയോരിറ്റി ലിസ്റ്റ് പരിഗണിച്ച് മാത്രമേ പ്രിന്‍സിപ്പലിനെ നിയമിക്കാവൂ. എന്നാല്‍, സ്‌കൂള്‍ മാനേജര്‍ ഹയര്‍സെക്കന്‍ഡറി വകുപ്പിന് സമര്‍പ്പിച്ച സീനിയോരിറ്റി ലിസ്റ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ളതാണ്.
1998 ഓഗസ്റ്റ് 27ന് സര്‍വിസില്‍ പ്രവേശിച്ച മറ്റൊരു അധ്യാപികയും വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുണ്ട്. ഒന്നിലധികം പേരുണ്ടെങ്കില്‍ ചട്ടപ്രകാരം പ്രായത്തില്‍ മൂത്തയാളെ പ്രിന്‍സിപ്പലാക്കണം. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."