അതിവേഗ റെയില്‍പാതയുടെ അലൈന്‍മെന്റ് ആയില്ലെന്ന് അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാത പദ്ധതിയുടെ അലൈന്‍മെന്റ് നിശ്ചയിച്ചിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ആകാശ സര്‍വെയ്ക്കുള്ള ഗ്രൗണ്ട് പോയിന്റുകളിടുന്ന ജോലിയാണെന്നും കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ആര്‍.ഡി.സി.എല്‍) അറിയിച്ചു.
ആകാശ സര്‍വെയ്ക്കുശേഷം സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി മാത്രമായിരിക്കും അലൈന്‍മെന്റ് നിശ്ചയിക്കുന്നത്. അതിനുശേഷം മാത്രമെ സ്ഥലമെടുപ്പിനെക്കുറിച്ച് ആലോചിക്കുന്നുള്ളു. 25 കിലോമീറ്റര്‍ ഇടവിട്ട് അത്രയും തന്നെ വീതിയിലാണ് ഈ ഗ്രൗണ്ട് പോയിന്റുകളിടുന്നത്. സെന്‍ട്രല്‍ പോയിന്റുകള്‍ 600 മീറ്റര്‍ വീതിയില്‍ അഞ്ചു കിലോമീറ്റര്‍ ഇടവിട്ടാണ് നിശ്ചയിക്കുന്നത്. ഇത് ലൈനിന്റെ അതിരു കണക്കാക്കുന്നതിനാണെന്ന തെറ്റിദ്ധാരണ ചില സ്ഥലങ്ങളിലുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വെറും 25 മീറ്റര്‍ വീതിയില്‍ മാത്രമാണ് റെയില്‍പാതയ്ക്കുവേണ്ടി സ്ഥലമെടുക്കുന്നത്.
കെ.ആര്‍.ഡി.സി.എല്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പ്രാഥമിക സാധ്യതാപഠനത്തില്‍ വിജയകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ പദ്ധതി അംഗീകരിച്ചത്. ഈ റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍വെകളും പഠനങ്ങളും നടന്നുവരികയാണ്.
സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അര്‍ധ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ദൂരത്തെ സമയം കൊണ്ട് കീഴടക്കാവുന്ന ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റോഡപകടങ്ങള്‍ക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും.
കൊച്ചുവേളിയില്‍നിന്ന് കാസര്‍കോടു വരെ 11 ജില്ലകളിലൂടെ കടന്നുപോകുന്ന റെയില്‍പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ട്രെയിന്‍ ഓടുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വേഗം പകരുന്നതിനൊപ്പം കേരളത്തെ ഭാവി തലമുറയ്ക്കുവേണ്ടി പ്രകൃതിസുന്ദരമായി തന്നെ കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'അര്‍ധ അതിവേഗ റെയില്‍പാത' ഹരിത പദ്ധതിയായി ആണ് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."