ക്രിക്കറ്റില്‍ പാക് ടീമിന്റെ വിജയം: ആഹ്ലാദം നടത്തിയിട്ടില്ലെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍
ന്യൂഡല്‍ഹി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ചതിന്റെ പേരില്‍ അറസ്റ്റിലായ മധ്യപ്രദേശ് സ്വദേശികളായ യുവാക്കള്‍ നിരപരാധികളാണെന്ന് ബന്ധുക്കള്‍. തങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്ന് മധ്യപ്രദേശ് ബുര്‍ഹാന്‍പൂര്‍ സ്വദേശി യൂസുഫ് തദവി പറഞ്ഞു. യൂസുഫിന്റെ സഹോദരിമാരുടെ രണ്ടുമക്കളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചതിന്റെ പേരില്‍ 15 പേരെയാണ് കഴിഞ്ഞദിവസം ബുര്‍ഹാന്‍പൂരില്‍ മധ്യപ്രദേശ് പൊലിസ് അറസ്റ്റ്‌ചെയ്തത്. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുഭാഷ് ലക്ഷ്മണിന്റെ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. അറസ്റ്റിലായവരാരും വിജയാഹ്ലാദത്തിന്റെ ഭാഗമായി പ്രകടനം നടത്തിയിട്ടില്ലെന്ന് അവരുടെ ബന്ധുക്കള്‍ പറഞ്ഞു. ബി.ജെ.പിക്കു വോട്ട്‌ചെയ്യാത്തതുകൊണ്ടാണ് തങ്ങള്‍ക്കെതിരേ ഇവര്‍ കുറ്റാരോപണവുമായി വരുന്നതെന്നും അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ തങ്ങളുടെ വീട്ടിലേക്ക് പൊലിസ് അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് അറസ്റ്റിലായ മഹ്മൂദിന്റെ (25) പിതാവ് റഫീഖ് ഇമാം പറഞ്ഞു. പാകിസ്താന്റെ വിജയം ഒരിക്കലും ആഘോഷിച്ചിട്ടില്ല. ഹിന്ദുക്കളും മുസ്‌ലിംകളും ഏകദേശം തുല്യഅളവിലുള്ള ഈ പ്രദേശത്ത് വര്‍ഗീയ ദ്രുവീകരണം നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊലിസിന്റെ നടപടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഗ്രാമത്തിലെ മിക്ക മുസ്‌ലിംവീടുകളിലും കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം, പാക് അനുകൂലമുദ്രാവാക്യം വിളിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് അവരെ അറസ്റ്റ്‌ചെയ്തതെന്ന് ജില്ലാ പൊലിസ് സൂപ്രണ്ട് ആര്‍.ആര്‍.എസ് പരിഹാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."