'വൈറ്റുപെറേറ്റിവ് മഡ്സ്ലിങ്ങിങ്; പാകിസ്താനെതിരേ തരൂരിന്റെ 'ഇംഗ്ലീഷ് പ്രയോഗം'
ന്യൂഡല്‍ഹി: രാജ്യാന്തരവേദിയില്‍ ജമ്മുകശ്മിര്‍ വിഷയം വീണ്ടും ഉന്നയിച്ചും പാകിസ്താനെ തുറന്നുകാട്ടിയും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. ഇക്കുറി പക്ഷേ തരൂരിന്റെ സ്വതസിദ്ധമായ കടുകട്ടി വാക്കുകളിലൂടെയാണ് തരൂര്‍ പാകിസ്താനെതിരെ വിമര്‍ശനം ചൊരിഞ്ഞത്. 'വൈറ്റുപെറേറ്റിവ് മഡ്സ്ലിങ്ങിങ്'(നിന്ദാത്മകമായ ദുരാരോപണമുന്നയിക്കല്‍) എന്നാണു പാകിസ്താന്റെ നടപടിയെ തരൂര്‍ വിശേഷിപ്പിച്ചത്. അതിര്‍ത്തി കടന്ന് ജമ്മു കശ്മിരില്‍ ഭീകരാക്രമണങ്ങള്‍ക്കു പിന്തുണ നല്‍കുന്ന പാകിസ്താന്‍ തന്നെ കശ്മിരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണെന്നു തരൂര്‍ പറഞ്ഞു.
കശ്മിര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്കു ഫലപ്രദമായ പാര്‍ലമെന്റുണ്ട്. ജനാധിപത്യപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് അറിയാം. അതിലേക്ക് അതിര്‍ത്തിക്ക് പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ല. അത് അംഗീകരിക്കാനുമാവില്ല.
യു.എന്‍ ഉപരോധപട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍. യു.എന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ 130 പേരും 25 സംഘടനകളും പാകിസ്താനിലുള്ളതാണ്. ഇത്തരമൊരു രാജ്യത്തിന്റെ പ്രതിനിധിയില്‍നിന്ന് മനുഷ്യാവകാശത്തെക്കുറിച്ചുള്ള ചര്‍ച്ച കേള്‍ക്കുന്നത് അസംബന്ധമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സെര്‍ബിയയില്‍ നടന്ന യു.എന്‍ അഫയേഴ്‌സിന്റെ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സമ്മേളന വേദിയിലായിരുന്നു തരൂരിന്റെ പ്രസംഗം. തരൂര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തെ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയാണ് നയിച്ചത്. കനിമൊഴി, രാംകുമാര്‍ വര്‍മ, സംബിത് പാത്ര തുടങ്ങിയ എം.പിമാരും സംഘത്തില്‍ ഉണ്ടായിരുന്നു. തരൂരിന്റെ പ്രസംഗത്തിന്റെ വിഡിയോ അദ്ദേഹം തന്നെ തന്റെ ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്യുകയും ചെയ്തു. പ്രസംഗവും അദ്ദേഹം പ്രയോഗിച്ച ഭാഷയും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."