ഏഷ്യന്‍ അത്‌ലറ്റിക്‌സ്: പാക് പങ്കാളിത്തം അനിശ്ചിതത്വത്തില്‍
ന്യൂഡല്‍ഹി: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ പാകിസ്താന്റെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. ഭുവനേശ്വറില്‍ വച്ച് അടുത്ത മാസം ആറ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ പ്രവേശനം സംബന്ധിച്ചുള്ള അവസാന നടപടി ക്രമങ്ങള്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ടീമുകള്‍ ഇന്ത്യയിലേക്കുള്ള വരവിനായി തയ്യാറെടുത്തും കഴിഞ്ഞു. പാകിസ്താന്‍ താരങ്ങളുടെ വിസ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഇതുവരെ വരാത്തതാണ് അവരുടെ പങ്കാളിത്തം സംശയത്തില്‍ നിര്‍ത്തിയിരിക്കുന്നത്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തുനില്‍ക്കുകയാണെന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് അദില്ലെ സുമരിവല്ല പറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക്ക് കമ്മിറ്റിയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് ചാപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പാകിസ്താനെ ഇന്ത്യ ക്ഷണിച്ചിരുന്നു. പാകിസ്താന്‍ ക്ഷണം സ്വീകരിക്കുകയും മത്സരിക്കുന്ന താരങ്ങളുടെ പേരും അവരുടെ പാസ്‌പോര്‍ട്ടും അയക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റിലേയും ഹോക്കിയിലേയും ഇന്ത്യ- പാകിസ്താന്‍ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുള്ള വേദികളില്‍ വച്ചാണ് നടത്താറുള്ളത്. നേരത്തെ ഭുവനേശ്വറില്‍ തന്നെ നടന്ന ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പിലും ചെന്നൈയില്‍ നടന്ന ഏഷ്യന്‍ സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പിലും പങ്കെടുക്കാനുള്ള പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ലഖ്‌നൗവില്‍ നടന്ന ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പങ്കെടുക്കാനിരുന്ന പാകിസ്താന്‍ ഹോക്കി ടീമിനും വിസ നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് പോരാട്ടത്തിനുള്ള പാക് ടീമിന്റെ പ്രവേശനവും സംശയത്തില്‍ നില്‍ക്കുന്നത്.
ജൂലൈ ആറ് മുതല്‍ ഒന്‍പത് വരെ ഭുവനേശ്വറില്‍ അരങ്ങേറുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇന്ത്യയടക്കം 45 രാജ്യങ്ങളില്‍ നിന്നായി 800ഓളം അത്‌ലറ്റുകളാണ് മത്സരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യന്‍ പോരിന് ആതിഥ്യം വഹിക്കുന്നത്. നേരത്തെ 1989, 2013 വര്‍ഷങ്ങളിലാണ് ഇന്ത്യ ആതിഥേയരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."