ഒന്നാം റാങ്ക്, ജോലിയില്ല
കല്‍പ്പറ്റ: കേരള പി.എസ്.സി നടത്തിയ കോളജ് ലക്ചറര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ഥിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും നിയമനം ലഭിച്ചില്ല. 2018 ഓഗസ്റ്റ് 16നാണ് പി.എസ്.സി ഹോം സയന്‍സ് (ചൈല്‍ഡ് ഡെവലപ്‌മെന്റ്) 77/ 2017 തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശി ടി. ഫൈറൂസയാണ് ഒന്നാം റാങ്ക് നേടിയിട്ടും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥിയായിട്ടും ജോലിക്കായുള്ള അനന്തമായ കാത്തിരിപ്പ് തുടരുന്നത്. തിരുവനന്തപുരം ഗവ. വനിതാ കോളജില്‍ മാത്രമാണ് ഇപ്പോള്‍ ഈ കോഴ്‌സുള്ളത്. ഇവിടെ രണ്ട് ഒഴിവുണ്ടെങ്കിലും ഒരൊഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിയമനത്തിന് തടസം. പുതിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നിയമന ശുപാര്‍ശ തയാറാക്കുമ്പോള്‍ ടേണ്‍ ഔട്ടായി ക്രമ നമ്പര്‍ ഒന്ന് ശാരീരിക വൈകല്യമുള്ള ആളുകള്‍ക്കാണ്.
ഈ വിഭാഗത്തിലുള്ളവര്‍ ഇല്ലെങ്കില്‍ ഈ ഒഴിവ് മാറ്റിവയ്ക്കും. നിലവിലുള്ള ഒഴിവ് സിംഗിള്‍ പോസ്റ്റാണെങ്കില്‍ ഒന്നാം റാങ്കുകാരിയെ നിയമിക്കുന്നതിന് തടസമില്ല. ഇത് സിംഗിള്‍ പോസ്റ്റ് ആണോ എന്ന് ചോദിച്ചു പി.എസ്.സി രണ്ടുതവണ കോളീജിയേറ്റ് എജ്യൂക്കേഷന്‍ ഡയരക്ടര്‍ക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമ്പോഴൊക്കെ മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു കോളജിയേറ്റ് എജ്യൂക്കേഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. മറുപടി ലഭിച്ചിട്ടില്ലെന്ന് പി.എസ്.സിയില്‍ നിന്ന് വ്യക്തമായി ബോധ്യപ്പെട്ടതോടെ വീണ്ടും കോളീജിയേറ്റ് എജ്യൂക്കേഷനില്‍ അന്വേഷിച്ചപ്പോഴാണ് പി.എസ്.സിക്ക് മറുപടി നല്‍കിയിട്ടില്ലെന്നും സിംഗിള്‍ പോസ്റ്റ് ആണോ എന്ന് തീരുമാനിക്കേണ്ടത് കേരള സര്‍വകലാശാലയാണെന്നും അതിനായി കത്തെഴുതിയിട്ടുണ്ടെന്നും മറുപടി കൊടുത്തത്.
ഒരൊഴിവ് മാത്രമാണുള്ളതെങ്കില്‍ ഇത് സിംഗിള്‍ പോസ്റ്റ് ആണെന്ന് പി.എസ്.സിയെ അറിയിക്കുന്നതിന് യാതൊരു നിയമതടസവും ഇല്ല. എന്നാല്‍ ഇതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തുകയാണ് അധികൃതര്‍. ഈ തസ്തികയിലും മറ്റു തസ്തികകളിലും തിരുവനന്തപുരം ഗവ. വനിതാ കോളജില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. 2016 മാര്‍ച്ച് 31ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് തസ്തികയില്‍ നിന്ന് വിരമിച്ച സൂസന്‍ ജെ മാത്യുവിന്റെ ഒഴിവ് ഇതുവരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതിന് പറയുന്ന കാരണം ഹോം സയന്‍സ് ജനറല്‍ വിഭാഗത്തില്‍ നിന്ന് 2017 മാര്‍ച്ച് 31ന് വിരമിച്ച ഡോ. എലിസബത്ത് വര്‍ഗീസിന്റെ ഒഴിവ് ചൈല്‍ഡ് ഡെവലപ്‌മെന്റ് തസ്തികയില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സൂസന്‍ മാത്യുവിന്റെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതെന്നാണ്.
കോളിജിയേറ്റ് എജ്യൂക്കേഷനില്‍ നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ കോളജില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് തസ്തികയില്‍ ഒരൊഴിവ് മാത്രമാണുള്ളതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പി.എസ്.സി ഇത് സിംഗിള്‍ പോസ്റ്റ് ആണോ എന്ന് ചോദിച്ചു നല്‍കിയ കത്തിന് ഒരു ഒഴിവു മാത്രമാണ് ഈ തസ്തികയില്‍ ഉള്ളതെന്ന് മറുപടി പറയാന്‍ കോളിജിയേറ്റ് എജ്യൂക്കേഷന്‍ തയാറാകുന്നുമില്ല. ഇതിനെ തുടര്‍ന്നാണ് റാങ്ക് ലിസ്റ്റ് വന്ന് 14 മാസം കഴിഞ്ഞിട്ടും ഉദ്യോഗാര്‍ഥിക്ക് ജോലി ലഭിക്കാതെ പോവുന്നത്.
ഇതുപോലെ സാങ്കേതികത്വത്തിലും നിയമ കുരുക്കിലും പെട്ട് എത്രയോ ഉദ്യോഗാര്‍ഥികള്‍ നിയമനം ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. ഉദ്യോഗസ്ഥ സ്വാധീനവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി വളരെ പെട്ടെന്ന് ജോലി ലഭിക്കും. എല്ലാ തടസങ്ങളും വളരെ പെട്ടെന്ന് വഴി മാറും. ഒരു ഉന്നത തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് ലഭിക്കേണ്ട നിയമനം നിഷേധിക്കുന്നതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാവുന്ന നഷ്ടം കനത്തതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."