നഗര മുഖച്ഛായ മാറ്റാന്‍ ബൃഹത്പദ്ധതി
കോഴിക്കോട്: ഗതാഗത വഴിയിലും തുറമുഖ വികസനത്തിനും കരുത്താകാന്‍ നഗരത്തിന്റെ പുതിയൊരു പദ്ധതിക്കുകൂടി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. തൊഴില്‍ വാണിജ്യ സമ്പദ് മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന ബേപ്പൂര്‍ തുറമുഖത്തെ മലാപ്പറമ്പുമായി മേല്‍പ്പാത വഴി ബന്ധിപ്പിക്കുന്നതിന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയുടെ അംഗീകാരം ലഭിച്ചത്. എം.കെ രാഘവന്‍ എം.പിയാണു കേന്ദ്ര ഹൈവേ മന്ത്രാലയ മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് നിര്‍ദേശം മുന്നോട്ടുവച്ചത്. ഒരുവര്‍ഷത്തിനകം പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എം.കെ രാഘവന്‍ എം.പി അറിയിച്ചു.
മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാത 66 മായും കേരളം-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എന്‍.എച്ച് 766 മായും ഒരുമിച്ച് ബന്ധപ്പെടുത്തുന്ന രീതിയിലാണു നിര്‍ദേശം വച്ചിരുന്നത്. 2.9 കിലോ മീറ്റര്‍ നീളമുള്ള നാലുവരി മേല്‍പ്പാലം അടക്കം 400 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതാണ് പദ്ധതി.
ഭാരത് മാല-സാഗര്‍മാല പദ്ധതികളുടെ നിര്‍വഹണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഉന്നതതല സമിതി തീരുമാനം മുഖേന പൂര്‍ത്തിയായിരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി വൈ.എസ് മാലികിന്റെ അധ്യക്ഷതയില്‍ കേരള പൊതുമരാമത്ത് സെക്രട്ടറി കമല വര്‍ധന്‍ റാവു അടക്കമുള്ള ഉന്നതതല സമിതി ഭാരത് മാല പര്യാജന പദ്ധതി പ്രകാരം രാജ്യത്തെ തുറമുഖങ്ങളുടെ റോഡ് കണക്ടിവിറ്റിയെപ്പറ്റി ചര്‍ച്ച ചെയ്ത യോഗത്തിലാണു തീരുമാനം ഉണ്ടായത്. സമിതി തീരുമാനം അനുകൂലമായില്ലെങ്കില്‍ പദ്ധതി തന്നെ ഒഴിവാക്കുമായിരുന്നു.
കേരളത്തിലെ പ്രധാന തുറമുഖമായ ബേപ്പൂര്‍ അവഗണിക്കപ്പെടുന്ന കാഴ്ച കണ്ടപ്പോഴാണ് പുതിയ പദ്ധതിയെക്കുറിച്ച് ആലോചിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 59 റോഡുകളിലായി 1,294 കിലോമീറ്റര്‍ തുറമുഖ കണക്ടിവിറ്റിയുടെ അഭ്യര്‍ഥനകളാണ് ഉന്നതതല സമിതി പരിഗണിച്ചത്. മന്ത്രാലയത്തിന്റെ സാഗര്‍മാല പദ്ധതിയുമായി സംയോജിപ്പിച്ചാണ് നടപടികള്‍ പുരോഗമിച്ചത്. ഭാരത്മാല പര്യോജന ഒന്നാംഘട്ടമായാണ് ഈ പദ്ധതികള്‍ നടപ്പാക്കുക.
ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെങ്കില്‍ കേരളത്തിലെ സവിശേഷ സാഹചര്യം സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി യോഗത്തില്‍ അറിയിച്ചപ്പോള്‍ പരമാവധി അനുകൂല നിലപാട് സ്വീകരിക്കാം എന്നാണു കേന്ദ്ര മന്ത്രാലയം സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായത്.
നിര്‍ദിഷ്ട 18.4 കിലോ മീറ്റര്‍ ദൂരത്തില്‍ ഭാഗികമായി വരുന്ന പദ്ധതികള്‍ ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടുള്ള ഡി.പി.ആര്‍ തയാറാക്കലാണ് അടുത്ത ഘട്ടം. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലത്തിനു കീഴില്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുക.
വേറിട്ട പദ്ധതി: കടമ്പകള്‍ ഏറെ
കോഴിക്കോട്: നഗരത്തിന്റെ വികസന വഴിയില്‍ വേറിട്ട പദ്ധതിയാണെങ്കിലും പ്രാവര്‍ത്തികമാകണമെങ്കില്‍ തടസങ്ങളേറെയുണ്ട്. പ്രധാനമായും പുതിയ ഭൂമി ഏറ്റെടുക്കല്‍ തന്നെയാകും കീറാമുട്ടിയാകുക. പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേതാണെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള ബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാരിനാണ്. പുതിയ സാഹചര്യത്തില്‍ ഭൂമി വിട്ടുകൊടുക്കാന്‍ ആളുകള്‍ തയാറാകുമോ എന്നു കണ്ടറിയണം.
ഗോതീശ്വരം, പയ്യാനക്കല്‍ തുടങ്ങിയ തീര ദേശ മേഖലകളിലാണ് ഭൂമിപ്രശ്‌നം സങ്കീര്‍ണമായേക്കുക. ഭൂമിക്കു പ്രയാസമുള്ള ഭാഗങ്ങളില്‍ ആകാശപാത സ്വീകരിക്കണമെന്ന നിര്‍ദേശവും കേന്ദ്രത്തിനു മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. വികസനകാര്യം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ ജനങ്ങളുടെ താല്‍പര്യത്തിന് എതിരായി നില്‍ക്കരുതെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചതെന്നും എം.പി പറയുന്നു. സ്റ്റാറ്റിയൂട്ടറി ക്ലിയറന്‍സുകള്‍, യൂട്ടിലിറ്റി ഷിഫ്റ്റിങ് എന്നിവയ്ക്കു പുറമെ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമെങ്കില്‍ അതും സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ വാണിജ്യ വ്യാവസായിക രംഗത്തും വിനോദസഞ്ചാര മേഖലയിലും ഭാവിയില്‍ വലിയ മാറ്റങ്ങള്‍ക്ക് പദ്ധതി കാരണമായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."