പനി: ജില്ലയില്‍ ശുചീകരണ യജ്ഞം 27 മുതല്‍
കോഴിക്കോട്: പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 27, 28, 29 തിയതികളില്‍ ജില്ലയില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണസമിതി യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ ഒ.പി സമയം കൂട്ടാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. പനിബാധിതര്‍ക്കായി താലൂക്ക് ആശുപത്രികള്‍ തൊട്ട് മുകളിലേക്ക് പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. മറ്റു വാര്‍ഡുകളില്‍ കിടത്തുമ്പോള്‍ കൊതുകുവല ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
പകര്‍ച്ചപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂരാച്ചുണ്ട്, നരിക്കുനി, കാക്കൂര്‍, പനങ്ങാട്, നന്മണ്ട, കക്കോടി, തലക്കുളത്തൂര്‍, കായണ്ണ ഗ്രാമപഞ്ചായത്തുകള്‍, രാമനാട്ടുകര നഗരസഭ, കോഴിക്കോട് കോര്‍പറേഷന്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ശുചീകരണ യജ്ഞത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കും. ശുചീകരണ യജ്ഞത്തിന് മുന്നോടിയായി പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, യൂത്ത് ക്ലബുകള്‍ തുടങ്ങിയവയുടെ യോഗം വിളിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റര്‍മാര്‍ നിരീക്ഷിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
ഓടകള്‍ വൃത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചതായി ജില്ലാ ശുചിത്വമിഷന്‍ അറിയിച്ചു. ഓടകള്‍ വൃത്തിയാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ശുചീകരണ യജ്ഞത്തില്‍ ഓട വൃത്തിയാക്കല്‍ കൂടി ഉള്‍പ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പനി പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാര്‍ വിളിച്ചുചേര്‍ത്ത യോഗം നടന്നതായി ഡി.എം.ഒ അറിയിച്ചു.
ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയും യോഗം ചേര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഫോഗിങ് ഉള്‍പ്പെടെ കൊതുക് നശീകരണവും ബോധവല്‍ക്കരണവും നടത്തി വരികയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ക്ലിനിക്കുകളും നടത്തുന്നുണ്ട്. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡി.എം.ഒ ഡോ. ആശാദേവി, പഞ്ചായത്ത് ഉപഡയറക്ടറുടെ ചുമതലയുള്ള മുരളീധരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."