പ്രതിവര്‍ഷം ഒരു കോടി ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഉല്‍പാദിപ്പിക്കും: മന്ത്രി
കഴക്കൂട്ടം: സംസ്ഥാനത്തു ഗുണനിലവാരമുളള നടീല്‍ വസ്തുക്കളുടെ ആവശ്യത്തിനുസരിച്ചുളള പൂര്‍ണ്ണമായ ഉല്‍പാദനം സര്‍ക്കാര്‍ മേഖലയില്‍ സാധ്യമാക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
ബയോടെക്‌നോളജി സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്കാവശ്യമായ തൈകള്‍ സംസ്ഥാനത്തുതന്നെ ഉല്‍പാദിപ്പിക്കും. കൃഷിവകുപ്പിന്റെ കീഴില്‍ ടിഷ്യൂകള്‍ച്ചര്‍ തൈകളുടെ ഉല്‍പാദന വിപണനത്തിനായി തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്ററില്‍ ലാബ് നവീകരണത്തിന്റെയും നൂതന കാര്‍ഷിക പരിശീലന കേന്ദ്രത്തിന്റെയും ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായി. സ്ഥാപനത്തില്‍ നിലവിലെ പ്രതിവര്‍ഷ ഉത്പാദനമായ 10 ലക്ഷം തൈകള്‍ എന്നതില്‍ നിന്നും 30 ലക്ഷമായി ഉയര്‍ത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് കൃഷിമന്ത്രി അഭിപ്രായപ്പെട്ടു.
ഏകദേശം 44 ഇനം വാഴയുടെ തൈകള്‍, അലങ്കാര ചെടികളായ ഓര്‍ക്കിഡ്, ആന്തൂറിയം, ഔഷധസസ്യമായ കറ്റാര്‍വാഴ എന്നിവ നിലവില്‍ ലാബില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നു. ഇതിനുപുറമേ ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യയില്‍ ആറു മാസം ദൈര്‍ഘ്യമുള്ള പരിശീലനവും ഇവിടെ നല്‍കി വരുന്നു. സംരംഭകത്വ പരിശീലനം ഈ മേഖലയില്‍ തുടങ്ങുന്നതിന് ലക്ഷ്യമിടുന്നുണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ടിഷ്യൂകള്‍ച്ചര്‍ തെങ്ങിന്‍ തൈകളുടെ ഉത്പാദന സാധ്യതാ പഠനവും പരിഗണനയിലുള്ളതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനമെടുത്തതായും കൃഷിമന്ത്രി അറിയിച്ചു. 2002ല്‍ ഉത്പാദനവിപണനം ആരംഭിച്ച ലാബിന് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുവാന്‍ കഴിയുമെന്നും അതു പ്രയോജനപ്പെടുത്തണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സൂചിപ്പിച്ചു.
അഡീഷണല്‍ ഡയറക്ടര്‍ മല്ലിക വി. ചടങ്ങിന് സ്വാഗതവും ബി.എം.എഫ്.സി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീകല എസ് റിപ്പോര്‍ട്ട് അവതരണവും നടത്തി. കഴക്കൂട്ടം സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്് അണ്ടൂര്‍ക്കോണം സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ജോയിന്റ് ഡയറക്ടര്‍ ബ്രിന്റ വാലന്റീന അരാന്റ നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."