കാവടി കൂട്ടങ്ങള്‍ നിറഞ്ഞാടി: ഇരുനിലം കോട് സ്കന്ദഷഷ്ഠി വര്‍ണാഭം
മുള്ളൂര്‍ക്കര: പ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങളിലൊന്നായ ഇരുന്നിലം കോട് ക്ഷേത്രത്തിലെ ഷഷ്ഠിയാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. നില കാവടികളും വര്‍ണ്ണ കാവടികളും തകിലു വാദ്യത്തിന്റെ അകമ്പടിയോടെ തീര്‍ത്ത വിസ്മയ കാഴ്ച്ച കാണാന്‍ ജില്ലക്കകത്തും പുറത്തു നിന്നുമുള്ള നിരവധി ഉത്സവപ്രേമികള്‍ ഇരുനിലം കോട്ടെത്തി. ഇരുനിലം കോട്, എസ്.എന്‍ നഗര്‍, മുള്ളൂര്‍ക്കര തെക്കേകര, വടക്കേകര, കണ്ണംപാറ, ശ്രീ മുരുകന് കാവടി സംഘം, കാഞ്ഞിരശ്ശേരി തെക്കേക്കര, വടക്കേകര, എസ്.എന്‍ നഗര്‍ വരവൂര്‍ തുടങ്ങി വിവിധ ദേശങ്ങളില്‍ നിന്നുള്ള പത്ത് കാവടി സംഘങ്ങള്‍ ക്ഷേത്ര ഭാരവാഹികളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. ക്ഷേത്രത്തില്‍ കാലത്ത് പ്രത്യേക പൂജകളും അഭിഷേകങ്ങളും നടന്നു. അന്നദാനത്തിന് ഏറെ പ്രശസ്തിയാര്‍ജിച്ച ഇവിടെ വിപുലമായ അന്നദാനവും ഒരുക്കിയിരുന്നു. ചുറ്റും പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ക്ഷേത്രത്തിന്റെ പ്രകൃതി ഭംഗി നുകരാന്‍ പതിവായി ഇവിടെ ധാരാളം സന്ദര്‍ശകരെത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."