കടല്‍ക്ഷോഭം: അപകടാവസ്ഥയിലുള്ള വീടുകള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന
ആലപ്പുഴ: കടല്‍ക്ഷോഭം മൂലം അപകടാവസ്ഥയിലുള്ള വീടുകള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു.
11 സ്ഥലങ്ങളില്‍ മണല്‍ നിറച്ച ജിയോ സിന്തെറ്റിക് ബാഗുകള്‍ സ്ഥാപിക്കുമെന്നും 12,000 ബാഗുകള്‍ മൂന്നു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നും തീരസംരക്ഷണ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. രണ്ടു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ബാഗുകളാണ് സ്ഥാപിക്കുക. കയര്‍ ലാറ്റക്‌സ് ബാഗുകള്‍ അഞ്ചിടത്ത് സ്ഥാപിക്കും. ഒരു സ്ഥലത്ത് പൂര്‍ത്തീകരിച്ചുവരുന്നു. രണ്ടു മീറ്റര്‍ നീളവും 1.4 മീറ്റര്‍ വീതിയുമുള്ള കയര്‍ ബാഗുകളാണ് ഉപയോഗിക്കുന്നത്. കല്ല്, ഭൂവസ്ത്രം, കണ്ടല്‍ാറ്റാടി ജൈവവേലി എന്നിവ ഉപയോഗിച്ചുള്ള തീരസംരക്ഷണം വേണമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം തീരസംരക്ഷണത്തിനായി വേനല്‍ക്കാലത്ത് കടല്‍ ഇറങ്ങുമ്പോള്‍ തന്നെ ബാഗുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചെത്തി ഹാര്‍ബറിലെ പൊഴി മൂടിക്കിടക്കുകയാണെന്നും ഇവിടത്തെ മണ്ണ് മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മണ്ണ് മാറ്റാനുള്ള ടെണ്ടറായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടും ബില്ല് സമര്‍പ്പിക്കാത്ത നിര്‍വഹണ ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകരണം തേടാന്‍ ജില്ലാ കളക്ടറോട് മന്ത്രി നിര്‍ദേശിച്ചു. മഠയന്‍ തോട്ടിലെ കെ.എസ്. കനാല്‍വരെയുള്ള ഭാഗം നന്നാക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് നിര്‍ദേശിച്ചു.
നെഹ്‌റു ട്രോഫി വാര്‍ഡിലെ പൊട്ടിയ പൈപ്പുകള്‍ മാറ്റാനും നല്ല കുടിവെള്ളം എത്തിക്കാനും അടിയന്തര നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ ബൈപാസുമായി ബന്ധപ്പെട്ട് ബില്ലുകളൊന്നും നല്‍കാനില്ലെന്ന് ദേശീയപാത വിഭാഗം യോഗത്തെ അറിയിച്ചു. ജി.എസ്.ടി. നടപ്പാകുന്ന സാഹചര്യത്തില്‍ വാഹനവില കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രീതികുളങ്ങര ടാഗോര്‍ എല്‍.പി.എസ്. സ്‌കൂളിന് അനുവദിച്ച വാഹനം വാങ്ങുന്നതിനുള്ള മുന്‍കൂര്‍ പണം ഉടന്‍ കൈമാറാന്‍ ബി.ഡി.ഒ.യ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, ഡെപ്യൂട്ടി കളക്ടര്‍ പി.എസ്. സ്വര്‍ണമ്മ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."