ആദ്യം ക്യാംപസുകള്‍ തന്നെ ഉണരട്ടെ
രാജ്യത്തിന്റെ അവസ്ഥയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
വിദ്വേശവും വര്‍ഗീതയും പ്രചരിപ്പിച്ച് അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളെ വഴിതിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യതിചലിപ്പിച്ചും വിഭജിപ്പിച്ചും ഭരിക്കുക എന്ന ദ്വിമുഖ തന്ത്രമാണ് അവര്‍ പയറ്റുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊന്നുമല്ല ഇന്നത്തെ പുതിയ പ്രശ്‌നം. നമ്മുടെ ജീവിക്കാനുള്ള അവകാശംപോലും ചോദ്യംചെയ്യപ്പെടുകയാണ്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കപ്പെടുന്നു. തുല്യത എന്നത് വോട്ടവകാശത്തില്‍ മാത്രമായി ചുരുങ്ങുകയും ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശങ്ങള്‍ അട്ടിമറിക്കപ്പെടുകയുമാണ് ചെയ്യുന്നത്. വര്‍ഗീയതയും വിഘടനവാദവുമാണ് ഇവരുടെ പ്രധാന ആയുധം.
ഫാസിസം എങ്ങനെയാണ് തങ്ങളുടെ അജണ്ട നടപ്പാക്കുന്നത്?
ഫാസിസം ജീവിതത്തിന്റെ എല്ലാ മേഖലകളും കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങളെ, കോടതികളെ, സൈന്യത്തെ അങ്ങനെ എല്ലായിടങ്ങളിലും കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ പ്രധാനമായും മാധ്യമങ്ങളെ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുകയാണ്. പ്രത്യേകിച്ച് കോര്‍പറേറ്റ് മാധ്യമങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. മാധ്യമങ്ങളെ എങ്ങനെ തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ ഉപയോഗിക്കാമെന്നാണ് ഇവര്‍ പരിശോധിക്കുന്നത്.
രാഷ്ട്രീയക്കാരെ അറസ്റ്റു ചെയ്തു നീക്കുന്ന പ്രവണതയെ എങ്ങനെ നോക്കിക്കാണുന്നു?
ഫാസിസം ലക്ഷ്യംവയ്ക്കുന്നത് നവീകരണവാദികളെയാണ്. ഒപ്പം തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെയും അവര്‍ നിശബ്ദരാക്കുന്നു. സ്വതന്ത്രരായി ചിന്തിക്കാന്‍ സമൂഹത്തിന് വഴികാട്ടുന്നവരെയും ഫാസിസം ടാര്‍ഗറ്റ് ചെയ്യുന്നു. പ്രത്യയശാസ്ത്രപരമായി എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് നിശബ്ദരാക്കുന്നത്. രാഷ്ട്രീയക്കാരുടെ പുതിയ അറസ്റ്റും അതിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. രോഹിത് വെമുലയുടെ മരണം, നജീബിന്റെ തിരോധാനം എന്നിവ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട കാര്യങ്ങളാണ്. രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഭരണകൂട വിമര്‍ശകര്‍ എന്നിവരോടൊപ്പം ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെയും ഇവര്‍ ടാര്‍ഗറ്റ് ചെയ്യുന്നു. അതിന് വേണ്ടി എന്ത് നിയമവും കൊണ്ടുവരാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പൗരത്വ പട്ടികയും കശ്മീരിലെ പുതിയ സംഭവങ്ങളും ഇതു തന്നെയാണ് പറഞ്ഞു തരുന്നത്.
ഫാസിസത്തിന്റെ രണ്ടാം വരവ് ഐക്യമില്ലായ്മ കൊണ്ടാണോ സംഭവിച്ചത്?
രാഷ്ട്രീയപരമായി എല്ലാവരും ഒരുമിച്ച് നില്‍ക്കുക എന്നത് ഇപ്പോഴത്തെ അനിവാര്യഘടകമാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഫാസിസം വീണ്ടും ജയിച്ചു കയറിയതിന്റെ കാരണവും അതാണ്. എല്ലായിടത്തും പിടിമുറുക്കുക എന്നതാണ് ഫാസിസത്തിന്റെ പ്രധാന അജണ്ട. അതിനായി ശക്തമായ അടിത്തറ പാകിക്കഴിഞ്ഞു. ഫാസിസത്തിനെതിരെ ഒറ്റ പ്ലാറ്റ്‌ഫോം എന്നത് ഇല്ലാതെ പോയി. എന്തിന് പറയണം ഇടതു ചിന്താഗതിയുള്ളവര്‍ വരെ വെവ്വേറെയാണ് മത്സരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ ആശയക്കുപ്പം നിലനില്‍ക്കുകയാണ്. ഇതില്‍ നിന്നും മാറ്റം ഉണ്ടാകണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് അനിവാര്യമായ കാലഘട്ടമാണിത്. ഇരുപാര്‍ട്ടികള്‍ക്കിടയിലെയും ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കണം.
ഫാസിസത്തിനെതിരെ ക്യാംപസുകള്‍ക്ക് ചെയ്യാന്‍ പറ്റുന്നത്?
ക്യാംപസുകളില്‍ നിന്ന് തന്നെയാണ് ഫാസിസത്തിനെതിരെ പുതിയ വിപ്ലവം ഉടലെടുക്കേണ്ടത്. പൊതുപ്ലാറ്റ്‌ഫോമില്‍ മുഴുവന്‍ വിദ്യാര്‍ഥികളും അണിനിരക്കണം. ഫാസിസത്തിനെതിരെ പ്രത്യയശാസ്ത്രവും കൊടിയുടെ നിറവുമല്ല മറിച്ച് മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ ദുസ്സഹമായ അവസ്ഥകളെ പറ്റി ചിന്തിക്കുമ്പോഴേ ഒരുമിച്ച് നിന്ന് പോരാടാന്‍ സാധിക്കുകയുള്ളൂ. സ്വാതന്ത്ര്യസമരത്തില്‍ കര്‍ഷകര്‍, സ്ത്രീകള്‍, തൊഴിലാളികള്‍ എന്നിവരുടെ സമരങ്ങള്‍ക്കൊപ്പം വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും പോരാട്ട രംഗത്തുണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു സമരത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരൊറ്റ ലക്ഷ്യത്തിനായി ഒരുമിച്ച് നിന്ന് പോരാടാനുള്ള അവസരമാണിത്. അതിന് ആദ്യം ക്യാംപസുകള്‍ തന്നെ ഉണരട്ടെ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."