ഭക്തരെ തടഞ്ഞതും പമ്പയിലെത്തിയ വനിതയെ പീഡിപ്പിക്കുന്നതും അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
മലപ്പുറം: ചിത്തിര ആട്ട വിശേഷത്തിനെത്തിയ അയ്യപ്പ ഭക്തരെ പൊലിസ് മണിക്കൂറുകളോളം തടഞ്ഞ് പ്രഭാതകൃത്യങ്ങള്‍ പോലും നടത്താന്‍ അനുവദിച്ചില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ശബരിമല സന്ദര്‍ശനത്തിനായി പമ്പയിലെത്തിയതിന്റെ പേരില്‍ ചിലര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന അഗളി സ്വദേശിനി ടി.വി ബിന്ദു നല്‍കിയ പരാതിയിലും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഭക്തരെ തടഞ്ഞ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറും പത്തനംതിട്ട ജില്ലാ പൊലിസ് സൂപ്രണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നവംബര്‍ 27 നകം റിപ്പോര്‍ട്ട് നല്‍കണം. ഭക്തര്‍ക്ക് കുടിവെള്ളം, വിരിവയ്ക്കാനുള്ള സൗകര്യം, നെയ്യഭിഷേകം നിഷേധിക്കുക തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ പൊലിസിന്റെ നേതൃത്വത്തില്‍ നടന്നതായി താനൂര്‍ സ്വദേശി ജയകുമാര്‍ ഉള്ളാട്ടില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പമ്പയിലെത്തിയതിന്റെ പേരില്‍ തന്നെ ജാതി പറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് അധ്യാപികയായ ടി.വി. ബിന്ദു നല്‍കിയ പരാതിയില്‍ പറയുന്നു. പഠിപ്പിക്കുന്ന സ്‌കൂളിന് മുമ്പില്‍ പ്രതിഷേധക്കാര്‍ തടസ്സം നില്‍ക്കുന്നു. തന്നെ ശാരീരികമായും മാനസികമായും തളര്‍ത്തി സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്.
അഗളി എ.എസ്.പി സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഡിസംബര്‍ 4 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."