ഹാപ്പി ബര്‍ത്ത് ഡേ വി.എസ്... കേരളത്തിന്റെ രാഷ്ട്രീയ കാരണവര്‍ക്ക് ഇന്ന് 96 വയസ് പൂര്‍ത്തിയായി
തിരുവനന്തപുരം: ഇന്ത്യയിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി.എസ് അച്യുതാനന്ദന് ഇന്ന് 96 വയസ് പൂര്‍ത്തിയായി. കേരളത്തിലെ കര്‍ഷക തൊഴിലാളി സമരങ്ങള്‍ പിറവിയെടുത്ത ആലപ്പുഴയുടെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923ല്‍ ഒക്‌ടോബര്‍ 20നാണ് വി.എസിന്റെ ജനനം. നാല് വയസുളളപ്പോള്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് വി.എസിനെ വളര്‍ത്തിയത്. പതിനൊന്നാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടതോടെ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയില്‍ ജോലി ചെയ്തു. തുടര്‍ന്ന് കയര്‍ ഫാക്ടറിയിലും. ഇവിടെ വച്ചാണ് വി.എസിലെ നേതാവ് ജനിക്കുന്നത്. നിവര്‍ത്തന പ്രക്ഷോഭം കൊടുംപിരിക്കൊണ്ടിരുന്ന കാലത്ത് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. രണ്ടുവര്‍ഷത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വി.എസ് പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി.
ചരിത്രതാളുകളില്‍ ഇടംപിടിച്ച 1946ലെ പുന്നപ്രവയലാര്‍ സമരത്തില്‍ വി.എസ് സജീവമായി പങ്കുകൊണ്ടു. ഇക്കാരണത്താല്‍ ക്രൂരമായ പൊലിസ് മര്‍ദനത്തിനും വി.എസ് ഇരയായി. ജയിലില്‍ കാലുകള്‍ പുറത്തേക്ക് വലിച്ച് ലാത്തികൊണ്ട് കെട്ടി തല്ലി ചതച്ചു. ബോധം നശിച്ച വി.എസിന്റെ കാലില്‍ തോക്കിന്റെ ബോണറ്റ് കുത്തിയിറക്കി. പാദം തുളച്ച് കയറി മറുവശത്ത് എത്തിയ പാടുകള്‍ ഇന്നും ആ കാലുകളിലുണ്ട്. ബോധം നശിച്ച വി.എസ് മരിച്ചുവെന്ന് കരുതിയാണ് പൊലീസ് ഉപേക്ഷിച്ചത്.
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്, കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാണ്. വെല്ലുവിളികളേയും എതിര്‍പ്പുകളേയും നേരിട്ടും വിജയപരാജയങ്ങള്‍ പരിചയിച്ചുമാണ് വി.എസിലെ രാഷ്ട്രീയക്കാരന്‍ രൂപപ്പെട്ടത്. വി.എസ് കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാകുന്നതും ആ പോരാട്ട വീറുകൊണ്ടു തന്നെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അജയ്യനായി വളര്‍ന്ന് കേരള രാഷ്ട്രീയത്തിലെ കാരണവരായി മാറിയ വി.എസ് വഹിക്കാത്ത പദവികളില്ല. കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍.ഡി.എഫ് കണ്‍വീനര്‍, ഭരണഫരിഷ്‌കാര കമ്മിഷന്‍. അങ്ങനെ പോകുന്നു.
പ്രായം ഒരിക്കലും തളര്‍ത്തിയില്ലെന്നതിന് ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകളും പ്രസംഗവും അടിവരയിടുന്നതാണ്. അഞ്ച് മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ പരസ്യ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വി.എസ് എത്തിയിരുന്നു. ജനകീയ നേതാവിന് വലിയ സ്വീകരണമാണ് പാര്‍ട്ടി അനുയായികള്‍ നല്‍കിയത്. പ്രായത്തെ കുറിച്ച് വി.എസ് നടത്തിയ പ്രസംഗവും കയ്യടി നേടി.
happy birth day vs achuthanandan. vs turns to 96
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."