സൗഹൃദ സമ്മാനമായി പുസ്തകങ്ങള്‍ കൈമാറി
കൊല്ലം: കെ.ആര്‍ മീരയുടെ നോവലുകള്‍ സമ്മാനിച്ച ജില്ലാ കിക്ടര്‍ ഡോ. മിത്ര റ്റിക്ക് സബ് കലക്ടര്‍ എസ് ചിത്ര നല്‍കിയത് പ്രഭാ വര്‍മയുടെ ഖണ്ഡകാവ്യമായ ശ്യാമമാധവം. എ.ഡി.എം ഐ അബ്ദുല്‍സലാം ആര്‍ ഉണ്ണിയുടെ കഥകള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദിന് കൈമാറിയപ്പോള്‍ അദ്ദേഹത്തിന് കിട്ടിയത് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ട്രോളുകള്‍. വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'സൗഹൃദത്തിന് ഒരു പുസ്തകം' പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി.
വായനയില്‍ വളരുന്നതിനൊപ്പം സൗഹൃദസമ്മാനമായി പുസ്തകങ്ങള്‍ പങ്കുവച്ച് സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും അതില്‍ പങ്കാളികളാക്കുന്ന പരിപാടി പ്രയോജനപ്പെടുത്താന്‍ ജീവനക്കാര്‍ പരിശ്രമിക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച കലക്ടര്‍ പറഞ്ഞു. പുസ്തകങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ എല്ലാവരുടെയും വായനയുടെ ലോകം ഒരേ സമയം വിപുലമാകുകയാണെന്ന് ഡോ മിത്ര റ്റി ചൂണ്ടിക്കാട്ടി.
പക്ഷാചരണത്തിന്റെ ഭാഗമായി കലക്‌ട്രേറ്റിലെ ജീവനക്കാരും പുസ്തകങ്ങള്‍ പങ്കുവച്ചു. എ.ഡി.സി ജനറല്‍ വി സുദേശന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍ രാജു, ഹോമിയോ ഡി.എം.ഒ വി.കെ പ്രിയദര്‍ശനി, ആയുര്‍വേദ ഡി എം ഒ പി.എസ്. ശശികല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ് മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."