രാജസ്ഥാനില്‍ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബി.ജെ.പി എം.പിയും മുന്‍ ഡി.ജി.പിയുമായ ഹരീഷ് മീണ രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റ്, മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹരീഷ് മീണ, 2009 മാര്‍ച്ച് മുതല്‍ 2013 ഡിസംബര്‍ വരെ രാജസ്ഥാനില്‍ ഡി.ജി.പിയായിരുന്നു. വിരമിച്ച ശേഷം 2014ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നഗാവുര്‍ എം.എല്‍.എ ഹബീബുര്റഹ്മാന്, ഹബീബ് അശോക് ഗെലോട്ട്, മന്ത്രി സുരേന്ദ്രഗോയല്‍, മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങിന്റെ മകന് മാനവേന്ദ്ര സിങ്, ഗ്വാളിയോര്‍ മുന്മേയര് സമീക്ഷ ഗുപ്ത, ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കുല്‍ദീപ് ദന്‍കര്‍ എന്നിവര്‍ നേരത്തെ രാജിവച്ചിരുന്നു.
സംസ്ഥാന മുഖ്യമന്ത്രി വസുന്ധര രാജയ്ക്കെതിരേ രൂക്ഷമായ അഭിപ്രായവ്യത്യാസം കാരണം സംസ്ഥാന ബി.ജെ.പിയില്‍ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടപ്പോള്‍ പ്രതിയോഗികളെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തല്‍ നടത്തിയെന്ന ആരോപണവും പാര്‍ട്ടിയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.
അതിനിടയില്‍, പ്രചാരണത്തിലും തെരഞ്ഞെടുപ്പ് തന്ത്രത്തിലും കോണ്‍ഗ്രസ് ബഹുദൂരം മുന്നേറിയിട്ടുണ്ട്. ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ലിസ്റ്റില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റ് എന്നിവര്‍ ഉള്‍പ്പെടും.
മാസങ്ങളായി ഇരുവരും മത്സരരംഗത്തുണ്ടാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. എ.ഐ.സി.സി ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ താനും സച്ചിന് പൈലറ്റും മത്സരിക്കുമെന്ന് അശോക് ഗെലോട്ട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."