പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി വിവാദക്കുരുക്കില്‍; നാളെ നടത്തേണ്ട കൗണ്‍സില്‍ യോഗം മാറ്റി
കാക്കനാട്: സി.പി.എമ്മിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ തൃക്കാക്കര നഗരസഭയുടെ 'നവനക്ഷത്ര' പദ്ധതികളിലൊന്നായ തിരഞ്ഞെടുത്തിരിക്കുന്ന പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി വിവാദക്കുരുക്കില്‍. നാളത്തെ നഗരസഭ കൗണ്‍സില്‍ യോഗം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടൂറിസം പദ്ധതിയെ എതിര്‍ക്കണമെന്നാണ് സി.പി.എം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കൗണ്‍സിര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതെ സമയം കൗണ്‍സില്‍ യോഗത്തില്‍ പദ്ധതിയെ അനുകൂലിക്കുമെന്ന നിലപാടുമായി സി.പി.ഐ രംഗത്ത് എത്തിയതിനാല്‍ പാര്‍ട്ടി ഘടകങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നതിനു വേണ്ടി ഉന്നത ഇടപെടലിനെ തുടര്‍ന്ന് നാളെ നടത്തേണ്ട കൗണ്‍സില്‍ യോഗം മാറ്റിവെച്ചു.
പദ്ധതി പ്രദേശത്തേക്കുള്ള വഴിക്കായി സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയാണ് സി.പി.എം കൗസിലര്‍മാരിലും പ്രാദേശിക നേതാക്കളിലും അഭിപ്രായ ഭിന്നത രൂക്ഷമായത്. വഴിക്കായി സ്ഥലം നല്‍കുന്ന ഭൂവുടമക്ക് പദ്ധതി പ്രദേശത്തെ മൂന്നിരട്ടി സ്ഥലം വിട്ടു നല്‍കി റിയല്‍ എസ്റ്റേറ്റ് ഇടപാടിനെ പാര്‍ട്ടിയിലെ തന്നെ മറ്റൊരു വിഭാഗം എതിര്‍ത്തതോടെയാണ് പദ്ധതി വിവാദമായത്. പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന സ്ഥലത്തെ സി.പി.എം കൗണ്‍സിലറെ ഒതുക്കാന്‍ ലക്ഷ്യമിട്ടാണ് ലോക്കല്‍ കമ്മിറ്റിയിലെ ചിലരുടെ നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വഴിക്കുള്ള സ്ഥലം ലാന്‍ഡ് അക്വിസേഷന്‍ നിയമ പ്രകാരം ഏറ്റെടുക്കണമെന്ന് നിര്‍ദേശം മുന്നോട്ടു വെച്ചാണ് ലോക്കല്‍ കമ്മിറ്റിയിലെ ചിലരുടെ നീക്കം. എന്നാല്‍ അക്വിസേഷന്‍ നടപടിക്കെതിരെ ഭൂവുടമ കോടതിയില്‍ പോകാനുള്ള സാധ്യതയുള്ളതിനാല്‍ പദ്ധതി കോടതി വ്യവഹാരങ്ങളില്‍ തളച്ചിട്ട് വൈകിപ്പിക്കലാണ് ഇവരുടെ ഉദ്ദേശം. അതെ സമയം ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ചെറിയ പെരുന്നാള്‍ കഴിഞ്ഞ് കൗണ്‍സില്‍ കൂടിയാല്‍ മതി എന്നാവശ്യപ്പെട്ടതിനാലാണ് യോഗം മാറ്റിവെച്ചതെന്നും, ചൊവ്വാഴ്ച്ച കൗണ്‍സില്‍ കൂടുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."