ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണമേറുന്നു; ഗാന്ധിഭവനിലേക്ക് നിരാശ്രയരുടെ പ്രവാഹം
പത്തനാപുരം: ഗാന്ധിഭവനില്‍ ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടെത്തുന്ന നിരാലംബരുടെ എണ്ണമേറുന്നു. പത്തനാപുരം പൊലിസിന്റെ നേതൃത്വത്തിലെത്തിച്ച അജ്ഞാതനുള്‍പ്പെടെ അഞ്ച് വയോധികര്‍ക്കാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഗാന്ധിഭവന്‍ അഭയം നല്‍കിയത്. പുത്തൂര്‍ തെക്കുംപുറം സ്വദേശി ഭാസ്‌കരന്‍ (65), ആര്യങ്കാവ് സ്വദേശി സുകുമാരന്‍ (68), തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി ബാലകൃഷ്ണന്‍ നായര്‍(75), തിരുവനന്തപുരം കരമന സ്വദേശി മോഹനന്‍(60) എന്നിവര്‍ക്കാണ് ഗാന്ധിഭവന്‍ അഭയമേകിയത്.
മനോനിലതെറ്റി പത്തനാപുരം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട വാഴപ്പാറയില്‍ അലഞ്ഞു നടന്നിരുന്ന മത്തായി ബേബി എന്ന് പേരു പറയുന്ന അജ്ഞാതനെ പത്തനാപുരം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് ഗാന്ധിഭവനിലെത്തിക്കുന്നത്. ഏകദേശം 70 വയസ് പ്രായമുള്ള ഇയാളെക്കുറിച്ച് മറ്റ് വിരങ്ങള്‍ ലഭ്യമല്ല.
അവിവാഹിതനായ ഭാസ്‌കരന്‍ അന്‍പതുവര്‍ഷക്കാലത്തിലേറെയായി മനോരോഗത്തിന് ചികിത്സയിലാണ്. ഇടയ്ക്കിടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവമുള്ള ഭാസ്‌കരനെ സംരക്ഷിക്കാന്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ഗാന്ധിഭവന്‍ അഭയം നല്‍കിയത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാറിന്റെ നേതൃത്വത്തില്‍ കെ. തങ്കമ്മ, കെ. മോഹനന്‍, ശേഖരപിള്ള, സുനികുമാരി എന്നിവര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ ഗാന്ധിഭവനിലെത്തിച്ചത്. സംരക്ഷിക്കാനാരുമില്ലാതെ കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണനെ കടയ്ക്കാവൂര്‍ പൊലിസിന്റെ നേതൃത്വത്തിലാണ് ഗാന്ധിഭവനിലെത്തിച്ചത്. വിവാഹിതനായിരുന്ന ബാലകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് നാടുവിട്ടതാണ്. വാര്‍ധക്യരോഗങ്ങള്‍ കാരണം അവശനായ ഇദ്ദേഹം നാട്ടില്‍ തിരികെയെത്തിയെങ്കിലും ബന്ധുക്കളെ കണ്ടെത്താനാവാതെ വന്നതോടെ കടത്തിണ്ണയിലായിരുന്നു കഴിഞ്ഞിരുന്നത്. കടയ്ക്കാവൂര്‍ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാറിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് പഞ്ചായത്ത് മെംബര്‍ ജി. ജയന്‍, കെ. ജയന്‍, ഗാന്ധിഭവന്‍ കോഡിനേറ്റര്‍ വക്കം ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗാന്ധിഭവനിലെത്തിക്കുന്നത്. ആര്യങ്കാവ് റെയില്‍വേ സ്‌റ്റേഷന് സമീപം ആളൊഴിഞ്ഞ കടത്തിണ്ണയില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന സുകുമാരനെ തെന്മല പൊലിസാണ് ഗാന്ധിഭവനിലെത്തിച്ചത്. കഴിഞ്ഞ നാലുമാസത്തോളമായി നാട്ടുകാരായിരുന്നു സുകുമാരനെ സംരക്ഷിച്ചിരുന്നത്. എന്നാല്‍ വാര്‍ധക്യരോഗങ്ങളാല്‍ അവശനിലയിലായ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ തെന്മല പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ ആര്യങ്കാവ് പഞ്ചായത്ത് മെംബര്‍ വിജയമ്മ ലക്ഷ്മണന്‍, ആശ വര്‍ക്കര്‍ എല്‍. ലേഖ, സുദര്‍ശനന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാന്ധിഭവനിലെത്തിച്ചത്. മാനസിക പ്രശ്‌നമുള്ള മോഹനന്‍ ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു. വിവിധ ഹോട്ടലുകളില്‍ സപ്ലൈറായി ജോലി നോക്കിയിരുന്ന ഇയാള്‍ക്ക് മാനസിക പ്രശ്‌നവുമുണ്ട്. ബന്ധുക്കള്‍ ഉപേക്ഷിച്ചതോടെ നിരാലംബനായ ഇദ്ദേഹം തനിക്ക് അഭയമൊരുക്കണമെന്ന ആവശ്യവുമായി പത്തനാപുരം പൊലിസിനെ സമീപിക്കുകയും പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ ഗാന്ധിഭവനിലെത്തിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."