സ്‌കൂള്‍ വാനും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്
ഫറോക്ക്: കോഴിക്കോട് മീഞ്ചന്ത-രാമനാട്ടുകര പാതയില്‍ മോഡേണ്‍ ബസാറില്‍ സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന മിനി ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളും യാത്രക്കാരുമടക്കം 30 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വ്യാഴാഴ്ച വൈകിട്ടു 4.30നാണ് അപകടം നടന്നത്.
രാമനാട്ടുകര ഭവന്‍സ് സ്‌കൂളിലെ കുട്ടികളുമായി കോഴിക്കോട് മീഞ്ചന്ത ഭാഗത്തേക്ക് വരികയായിരുന്ന അര്‍ച്ചന്‍ സ്വകാര്യ മിനി ബസ് കോഴിക്കോട് നിന്നു പോകുകയായിരുന്ന കെ.എസ്.ആര്‍.സി ബസുമായി മോഡേണ്‍ ജങ്ഷനു സമീപം വച്ചു ഇടിക്കുകയായിരുന്നു. ഓടിക്കൊണ്ടിരിക്കെ ഒരു കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് നിറയെ കുട്ടികളുമായ വന്ന മിനിബസിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനി ബസ് തിരിഞ്ഞു സമീപത്തെ സ്റ്റീല്‍കോംപ്ലക്‌സ് മതിലില്‍ തട്ടിനിന്നു. കെ.എസ്.ആര്‍.ടി.സി റോഡിനു കുറുകെയും നിന്നു. ഇരു ബസുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഉടന്‍ പരിസരത്തുണ്ടായിരുന്നവരും തൊട്ടുമുന്നിലെ ചുമട്ടു തൊഴിലാളികളും ചേര്‍ന്നു വിദ്യാര്‍ഥികളെയും യാത്രക്കാരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മീഞ്ചന്തയില്‍ നിന്നു ഫയര്‍ഫോഴ്‌സും ചെറുവണ്ണൂര്‍ നല്ലളം പൊലിസും സ്ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കുട്ടികളിലേറെ പേര്‍ക്കും ഇടിയുടെ ആഘാതത്തില്‍ ബസനികത്ത് വീണും ചില്ലുകള്‍ പതിച്ചുമാണ് പരുക്ക് പറ്റിയത്.
കൂടുതല്‍ പേരുടെയും പരുക്കുകള്‍ സാരമല്ലെങ്കിലും ഒരു വിദ്യാര്‍ഥിക്കും മിനിബസ് ഡ്രൈവര്‍ക്കുമാണ് കാര്യമായി പരുക്കുള്ളത്. വിദ്യാര്‍ഥിയായ അഭിമന്യു (7)വിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ബസ് ഡ്രൈവര്‍ ബേപ്പൂര്‍ ഗവ.ഹൈസ്‌കൂളിനു സമീപം വളളിയില്‍ ജയപ്രകാശിന്റെ(58) കാല്‍ ഒടിഞ്ഞിട്ടുണ്ട്. ഇയാള്‍ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസില്‍ നിന്നു ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്നു ഫയര്‍ ഫോഴ്‌സ് റോഡ് ശുചീകരിച്ചു. അപകടത്തെ തുടര്‍ന്നു മീഞ്ചന്തക്കും രാമനാട്ടുകരക്കും ഇടയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉടന്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് ഇരുബസുകളും പാതയോരത്തേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇതിനിടെ വഴി യാത്രക്കാരനും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ഒരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ഇരുബസുകളും കൂട്ടിയിടിക്കുന്നതിനിടെ സമീപത്തെ ചുമട്ടു തൊഴിലാളികളുടെ ഇടയിലേക്ക് തെറിച്ചു വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്‌കൂള്‍ ബസിലുണ്ടായിരുന്ന അഭി പള്ളിത്താഴം (11), കെ.എസ്.ആര്‍.ടി.സിയിലുണ്ടായിരുന്ന നിത്യ (24), ആദിത്യ (17), ദിയ പുതുക്കോട് (17), ബിബത്തുല്ല അകലാട് (21), സുഹൈല്‍ ഒളവട്ടൂര്‍ (18), റീജ തിരൂര്‍ (37), സുഭദ്ര തിരൂര്‍ (37), പ്രസന്ന ബേപ്പൂര്‍ ഗോതീശ്വരം (57) ഉള്‍പ്പെടെ 9 പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
സ്‌കൂള്‍ ലൈബ്രേറിയന്‍ ആഴ്ചവട്ടം സ്വദേശിനി സജിനി നായര്‍ (45), ബസ് യാത്രക്കാരായ അമിത്ത് കുമാര്‍ (20), അജിത (40), മുകേഷ് സെന്‍ (35), നീലകണ്ഠന്‍ (67) അപര്‍ണ്ണ (24), ഹിമ കൊണ്ടോട്ടി (18), മലപ്പുറം സ്വദേശികളായ ഉഷാകുമാരി (62), ആഷിഖ് (19), വിഷ്ണു സുകുമാരന്‍(20), മുംതാസ് (45), റിഷാദ് (23), അബ്ദുല്ല (60), തൗഫിറ (19), സുനില്‍ മണ്ണാര്‍ക്കാട് (37), ഗൗതം മോഡേണ്‍ (26) എന്നിവരെയും വിദ്യാര്‍ഥികളായ ആദ്യത്യ കൊളത്തറ (8), അസ്മിത്ത് മൊയ്തീന്‍ (7) എന്നിവരെയുമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."