ട്രൈബല്‍ ഹോസ്റ്റലിലെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്നു
പനമരം: പെണ്‍കുട്ടികള്‍ താമസിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലവും അവശിഷ്ടങ്ങളും പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ലാതെ അധികൃതര്‍. ഇതോടെ പരിസരവാസികള്‍ക്ക് ദുരിതമായി തീര്‍ന്നിരിക്കുകയാണ്. പ്രളയത്തില്‍
ഹോസ്റ്റലും പരിസരവും പൂര്‍ണമായും വെള്ളത്തിലായിരുന്നു. ഇതു കാരണമാണ് കക്കൂസ് ടാങ്കിന് കേടുപാട് സംഭവിച്ചതെന്നാണ് സൂചന. ഹോസ്റ്റലിന് ചുറ്റം നിരവധി വീടുകളാണുള്ളത്. രാത്രികാലങ്ങളില്‍ കൂടുതല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനെതിരേ ബന്ധപ്പെട്ട അധികൃതരോട് നാട്ടുകാര്‍ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടികളും ഇതുവരേയുണ്ടായിട്ടില്ല. ടാങ്ക് തകരാറിലായതോടെ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്കും ദുരിതമായിരിക്കുകയാണ്. മലിനജലം ഒഴുകി നെല്‍ വയലിലേക്ക് എത്തുന്നത് കര്‍ഷകര്‍ക്കും വിനയായിരിക്കുകയാണ്. കൂടാതെ കൊതുക് ശല്യവും വര്‍ധിച്ചിട്ടുണ്ട്.പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യയേറിയിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാണ്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ ഹോസ്റ്റലിന് മുന്നില്‍ സമരത്തിനൊരുങ്ങുകയാണ് പ്രദേശത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."