കിണര്‍ പ്രളയമെടുത്തു: കുടിവെള്ളത്തിനായി നെട്ടോട്ടമോടി കുടുംബങ്ങള്‍
വെങ്ങപ്പള്ളി: കഴിഞ്ഞ പ്രളയത്തില്‍ കിണര്‍ താഴ്ന്ന് പോയതോടെ കുടിവെള്ളത്തിനായി നെട്ടോടമോടുകയാണ് അഞ്ച് കുടുംബങ്ങള്‍. വെങ്ങപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കള്ളംതോടിലെ ആദിവാസി കുറിച്യ സമുദായത്തില്‍പെട്ട അഞ്ചോളം കുടുംബങ്ങളാണ് കുടിവെള്ളം പോലും ഇല്ലാതെ വലയുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഇവരുടെ ഏക ആശ്രയമായിരുന്ന കിണര്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നതോടെയാണ് ഇവരുടെ നിത്യോപയോഗത്തിന് പോലുമുള്ള വെള്ളം കിട്ടാകനിയായത്. ആകെയുണ്ടായ കിണര്‍ പ്രളയം കവര്‍ന്നതോടെ സമീപത്തെ പുഴയെ ആശ്രയിക്കേണ്ട ഗതികേടിലായിരിക്കയാണ് ഈ കുടുംബങ്ങള്‍.
കീര, ചന്തു, സന്തോഷ്, മോഹന്‍ദാസ്, ബാബു, വിജയന്‍ എന്നിവരുടെ കുടുംബങ്ങളാണ് ഇവിടെ ഈ കിണറിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്നു. കിണര്‍ പ്രളയമെടുത്ത വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും അനിവാര്യമായ യാതൊരു നടപടിയും കൈകൊണ്ടില്ലന്നാണ് ഇവര്‍ പറയുന്നത്. ഒരു വിധത്തിലുള്ള സഹായവും ലഭിക്കാത്തതിനാല്‍ പുഴയില്‍ നിന്നുള്ള വെള്ളമാണ് ഇവര്‍ കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ ആനിവാര്യമായ നടപടി കൈകൊള്ളാത്തപക്ഷം കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഈ അഞ്ച് കുടുംബങ്ങള്‍. കിണര്‍ പുനര്‍ നിര്‍മിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയോ കുടിവെള്ളത്തിനായുള്ള പകരം സംവിധാനം ഒരുക്കുകയോ വേണമെന്നതാണ് ഇവരുടെ ആവശ്യം.
കൂടാതെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ തന്നെയാണ് ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് മുറ്റവും നടവഴിയുമുള്‍പ്പടെ ഇന്റര്‍ലോക്ക് പതിച്ച് ലക്ഷങ്ങള്‍ ചെലവിട്ടത്. ഇവര്‍ക്ക് സമാധാനത്തോടെ തലചായ്ക്കാനോ മഴ പെയ്താല്‍ ചോരാത്ത കൂരയില്‍ അന്തിയുറങ്ങാനോ ആവശ്യമായ നടപടികള്‍ കൈകൊള്ളാതെയാണ് ഇത്തരത്തില്‍ ഇന്റര്‍ലോക്കിട്ട് ലക്ഷങ്ങള്‍ മുടക്കിയത്. ഇത്തരത്തില്‍ അഞ്ച് കുടുംബങ്ങള്‍ കുടിവെള്ളം പോലും കിട്ടാകനിയായി കുടിവെള്ളത്തിനായി പുഴവെള്ളത്തെ ആശ്രയിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും കണ്ടില്ലന്ന ഭാവം നടിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. മാരകമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന ഈ സാഹചര്യത്തില്‍ മലിനമായ പുഴയിലെ വെള്ളത്തെ ആശ്രയിക്കേണ്ട ഈ കുടുംബങ്ങളുടെ പ്രശ്‌നത്തിന് അടിയന്തിരമായ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."