കൂട്ടുപുഴ പുതിയ പാലം നിര്‍മാണം: പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍
ഇരിട്ടി: സംസ്ഥാനാ അതിര്‍ത്തിയായ മാക്കൂട്ടത്ത് അതിര്‍ത്തി തര്‍ക്കത്തില്‍ തട്ടി പ്രതിസന്ധിയിലായ കൂട്ടുപുഴ പുതിയ പാലത്തിന്റെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു.
കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് കര്‍ണ്ണാടക സര്‍ക്കാരിനോട് പാലം നിര്‍മാണം ഉടന്‍ പുര്‍ത്തീകരിക്കാനാവശ്യമായ അനുമതി നല്‍കണമെന്ന് നിര്‍ദേശിച്ചത്. കര്‍ണ്ണാടകത്തിന്റെ അനുമതി ലഭിച്ചാലുടന്‍ പാതി വഴിയില്‍ നിലച്ച കൂട്ടുപുഴ പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനം കരാര്‍ കമ്പനി പുനരാരംഭിക്കുമെന്നാണ് അറിയുന്നത്.തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി കുട്ടുപുഴ പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും പാലത്തിന്റെ മറുകര പൂര്‍ണമായും കര്‍ണാടകത്തിന്റെ വനഭൂമിയാണെന്ന വാദമുയര്‍ത്തി കര്‍ണാടക വനംവകുപ്പ് പുതിയ പാലം നിര്‍മാണം തടഞ്ഞതോടെയാണ് നിര്‍മാണ പ്രവൃത്തി പ്രതിസന്ധിയിലായത്.
മാക്കൂട്ടം റോഡ് വരെയുള്ള ഭാഗം പൂര്‍ണമായും കേരളത്തിന്റെതാണെന്ന് റവന്യൂവകുപ്പ് പറയുന്നുണ്ടെങ്കിലും ഇതുസ്ഥാപിച്ചെടുക്കാനുള്ള ഒരു നടപടിയും വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല.കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം പ്രഖ്യാപിച്ചതും നല്ലൊരു ശതമാനം വിമാന യാത്രികര്‍ കുടക്, മൈസുരു ജില്ലകളില്‍ നിന്നുള്ള വരായതിനാലുമാണ് പ്രശ്‌ന പരിഹാരത്തിന് അടിയന്തര വഴി തുറന്നതെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ നിര്‍ത്തിവച്ച പാലം നിര്‍മാണം ഉടന്‍ ആരംഭിച്ച് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ടി.പി അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."