പൂഞ്ചോല വനഭൂമി കയ്യേറ്റം: രാഷ്ട്രീയ ഇടപെടല്‍ വനസംരക്ഷണ ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്നു
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പൂഞ്ചോല വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മേഖലയില്‍ വനം വകുപ്പും പ്രദേശ വാസികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒന്നൊന്നായി ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. വനത്തെയും വന്യജീവികളെയും സംരക്ഷിച്ചതിന്റെ പേരില്‍ പ്രൊട്ടക്ഷന്‍ ജീവനക്കാര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവില്‍. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് രാഷ്ടീയ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന പരാതിയുമുണ്ട്.
കഴിഞ്ഞ ദിവസം പൂഞ്ചോല പാമ്പന്‍തോട് മേഖലയില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ ഒരേക്കറോളം വനഭൂമി കാടു വെട്ടി തെളിച്ച് കയ്യേറിയതായി ശ്രദ്ധയില്‍ പെടുകയും കയ്യേറ്റത്തിന് ശ്രമിച്ച മാന്തോട്ട്കുന്നില്‍ ബേബിയെ അറസ്റ്റ് ചെയ്യുകയും, നടപടിയെടുത്ത സെക്ഷന്‍ ഫോറസ്റ്റ് ഒഫിസര്‍ ആര്‍. സജീവന് നേരെ കയ്യേറ്റ ശ്രമം നടക്കുകയും ചെയ്തിരുന്നു. നടപടിയെ തുടര്‍ന്ന് സ്ഥലത്തെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം വനംവകുപ്പ് ഓഫിസിലെത്തി കുത്തിയിരുന്ന് പ്രതിഷേധിക്കുകയും റേഞ്ച് ഒഫിസര്‍ ആഷിക് അലിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ഇതേ സമയം പ്രതിയെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കുന്നതിനിടയില്‍ പ്രതി ബോധരഹിതനാവുകയും എസ്.എഫ്.ഒ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതറിഞ്ഞ് പ്രദേശ വാസികളില്‍ ചിലര്‍ നേതാവിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ അതിക്രമിച്ച് കടക്കുകയും അറസ്റ്റ് ചെയ്ത എസ്.എഫ്.ഒ ക്ക് നേരെ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയുമാണുണ്ടായത്. തുടര്‍ന്ന് പൊലിസെത്തിയാണ് പ്രധിഷേധക്കാരെ പിരിച്ചുവിട്ടത്.
ഇതിന് മുന്‍പും സമാന ആക്രമണങ്ങള്‍ വനം വകുപ്പ് ജീവനക്കാര്‍ക്കു നേരെ ഈ മേഖലയിലെ ആളുകളില്‍ നിന്നും നേരിടേണ്ടി വിന്നിട്ടുണ്ട്. അതിലൊന്നാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ ചെന്ന എസ്.എഫ്.ഒ ക്കെതിരെ കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസില്‍ നിന്നും ഫോണിലൂടെയുണ്ടായ ഭീഷണി.മണ്ണാര്‍ക്കാട് പൊലീസില്‍ ഇതിനെതിരെ പരാതിയും ഉദ്യോഗസ്ഥന്‍ നല്‍കിയിരുന്നു.
വ്യാപക കയ്യേറ്റം നടന്നതായി സര്‍വേയിലൂടെ കണ്ടെത്തിയിട്ടും രാഷ്ട്രീയ സമ്മര്‍ദം മൂലം നടപടിയെടുക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്കു കഴിയാറില്ല. രാഷ്ടീയ നേതാക്കള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കാറ്. ഇതിന് പിന്നിലുള്ള അജണ്ട എന്താണെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് കരുവാകുന്നതാവട്ടെ ഒരു പറ്റം കോളനി നിവാസികളും. നേതാക്കള്‍ കൂടി അറിഞ്ഞുള്ള കയ്യേറ്റമാണോ ഈ മേഖലയില്‍ നടക്കുന്നതെന്നു സംശയിക്കുന്നതായും വനം വകുപ്പ് അധികൃതര്‍ പറയുന്നു. വനം കയ്യേറ്റം തടയുന്നതിനും വനം സംരക്ഷിക്കുന്നതിനും ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ജീവനക്കാര്‍ക്കെതിരേ തിരിയുന്നത് ശരിയായ നിലപാടല്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."