മ്യാന്മറിലേക്കില്ലെന്ന് റോഹിംഗ്യകള്‍; മടക്കിയയക്കുന്നത് നീട്ടി
കോക്‌സ്ബസാര്‍: ആയിരക്കണക്കിന് അഭയാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നു റോഹിംഗ്യകളെ മ്യാന്മറിലേക്കു തിരിച്ചയക്കാനുള്ള നീക്കം ബംഗ്ലാദേശ് സര്‍ക്കാര്‍ മാറ്റിവച്ചു. മ്യാന്മര്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ട റോഹിംഗ്യാ സംഘത്തെ ഇന്നലെ നാട്ടിലേക്കു തിരിച്ചയക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, പ്രധാന റോഹിംഗ്യാ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്‌സ്ബസാറിലടക്കം ആയിരക്കണക്കിന് അഭയാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
നാട്ടിലേക്കു തിരിച്ചുപോകാന്‍ സന്നദ്ധമല്ലെന്ന് എല്ലാവരും അറിയിച്ചു. ഇതേ തുടര്‍ന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ചു തിരിച്ചയക്കില്ലെന്ന തീരുമാനത്തിലെത്തിയത്. ഒക്ടോബറിലാണ് മ്യാന്മര്‍-ബംഗ്ലാദേശ് സര്‍ക്കാരുകള്‍ അഭയാര്‍ഥി തിരിച്ചയക്കല്‍ കരാറില്‍ ഒപ്പുവച്ചത്. ഇതിന് അനുസൃതമായി തിരിച്ചയക്കല്‍ നടപടിക്ക് ഇന്നലെ തുടക്കമിടാനായിരുന്നു പദ്ധതി. ആദ്യഘട്ടമായി 2,200 റോഹിംഗ്യകളെയാണ് തിരിച്ചയക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇവരെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നു മ്യാന്മര്‍ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു.
നാട്ടിലേക്കു തിരിച്ചയക്കാനുള്ള തീരുമാനം അഭയാര്‍ഥികള്‍ക്കിടയില്‍ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചിരുന്നു. ഇതിന് പുറമേ, മ്യാന്മറിലെ സ്ഥിതിഗതികള്‍ റോഹിംഗ്യകളുടെ പുനരധിവാസത്തിനു പറ്റിയതല്ലെന്നും ആരെയും നാട്ടിലേക്കു തിരിച്ചുപോകാന്‍ നിര്‍ബന്ധിക്കരുതെന്നും കഴിഞ്ഞ ദിവസം യു.എന്‍ അഭയാര്‍ഥി സമിതി നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് നടപടി മാറ്റിവച്ചത്.
വികാരനിര്‍ഭരമായ കാഴ്ചകള്‍ക്കാണ് ഇന്നലെ കോക്‌സ്ബസാറിലെ അഭയാര്‍ഥി ക്യാംപ് സാക്ഷ്യംവഹിച്ചത്. ഉച്ചയോടെ ആദ്യസംഘത്തില്‍ നിശ്ചയിക്കപ്പെട്ടവരെ സര്‍ക്കാര്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി തന്നെ അതിര്‍ത്തി കടത്താനായിരുന്നു പദ്ധതി. എന്നാല്‍, അഭയാര്‍ഥികളില്‍ ആരും തിരിച്ചുപോകാന്‍ തയാറായില്ല. മാത്രവുമല്ല, തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ഉഞ്ചിപ്രാങ്ങിലുള്ള അഭയാര്‍ഥി ക്യാംപില്‍ ആയിരങ്ങള്‍ സംഘടിച്ചു പ്രതിഷേധിച്ചു. 'ഞങ്ങളാരും പോകില്ലെന്ന് ' ഇവര്‍ ഉറക്കെ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. പൗരത്വമില്ലാതെ ഒരിക്കലും മ്യാന്മറിലേക്കു മടങ്ങാന്‍ ഒരുക്കമല്ലെന്നു റോഹിംഗ്യകള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മ്യാന്മറിലെ റാഖൈന്‍ പ്രവിശ്യയിലുണ്ടായ കലാപമാണ് റോഹിംഗ്യകളുടെ കൂട്ടപ്പലായനത്തില്‍ കലാശിച്ചത്. ബുദ്ധ ഭീകരര്‍ക്ക് പുറമേ മ്യാന്മര്‍ സൈന്യവും റോഹിംഗ്യകളുടെ വീടുകള്‍ വ്യാപകമായി അഗ്നിക്കിരയാക്കുകയും ആയിരക്കണക്കിനു പേരെ കൊന്നൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഏഴര ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്. സംഭവത്തില്‍ യു.എന്‍ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ മ്യാന്മര്‍ സര്‍ക്കാരിനെതിരേ യുദ്ധക്കുറ്റം ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."