ചെറുതായിച്ചെറുതായി ഇല്ലാതാകുന്ന നേതാവ്
വാട്ടര്‍ഗേറ്റ് സംഭവത്തെ തുടര്‍ന്ന് രാഷ്ട്രീയപ്പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ട അമേരിക്കയുടെ മുന്‍പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സനെ വാഷിങ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത് ചെറുതായിച്ചെറുതായി ഇല്ലാതായ വലിയ നേതാവെന്നായിരുന്നു. മുന്‍ സമാധാന നൊബേല്‍ ജേതാവായ മ്യാന്‍മര്‍ ഭരണാധികാരി ആങ്‌സാങ് സൂക്കിയുടെ പതനത്തിലേക്കുള്ള ഗമനത്തിനും അതേ വിശേഷണം നല്‍കാവുന്നതാണ്.
പട്ടാളഭരണകൂടത്തിന്റെ തടവില്‍ ഏറെക്കാലം കഴിഞ്ഞിട്ടും സഹനത്തോടെ സ്വാതന്ത്ര്യത്തിനായി പോരാടിയതു കൊണ്ടാണ് അവരെ ലോകം ഒരു കാലത്ത് ആദരിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ അവരെത്തേടിയെത്തിയതും അക്കാരണം കൊണ്ടായിരുന്നു. എന്നാല്‍, ഇന്നവര്‍ ലോകത്തിന്റെ കണ്ണില്‍ വെറുക്കപ്പെട്ടവളാണ്. രാഷ്ട്രാന്തരീയസമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന അവര്‍ക്ക് രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടിവരുന്നത്.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പരമോന്നത ബഹുമതിയായ 'അംബാസഡര്‍ ഓഫ് കണ്‍സന്‍സ്' നേരത്തേ അവര്‍ക്കു സമ്മാനിച്ചിരുന്നു. അതു കഴിഞ്ഞ ദിവസം തിരിച്ചെടുത്തു. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ പസഫിക് ഉച്ചകോടിക്കെത്തിയ അവരെ യു.എസ് വൈസ്പ്രസിഡന്റ് മൈക്‌പെര്‍സ് കണക്കിന് വിമര്‍ശിച്ചു. ആയിരക്കണക്കിനു റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ഏഴുലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സൂക്കിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് അവരുടെ മുഖത്തുനോക്കി യു.എസ് വൈസ്പ്രസിഡന്റ് പറഞ്ഞത്.
ആളുകള്‍ വിഭിന്നാഭിപ്രായക്കാരാണെന്ന അഴകൊഴമ്പന്‍ മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ അവര്‍ സങ്കോചം കാട്ടിയില്ലെങ്കിലും പുരസ്‌കാരം തിരിച്ചെടുത്തതിനു പിന്നാലെ യു.എസ് വൈസ് പ്രസിഡന്റില്‍നിന്നു കിട്ടിയ വിമര്‍ശനം സത്യത്തില്‍ അവര്‍ക്കു കിട്ടിയ ഇരട്ടപ്രഹരമാണ്. ലോകത്ത്എവിടെച്ചെന്നാലും റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കൂട്ടക്കൊല സംബന്ധിച്ചുള്ള ചോദ്യശരങ്ങള്‍ അവരെ വന്നുമൂടുകയാണ്.
2009 ല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കിയ പുരസ്‌കാരം തിരിച്ചെടുത്തുകൊണ്ടു അവര്‍ പറഞ്ഞത് പുരസ്‌കാരത്തിന് അവര്‍ അര്‍ഹയല്ലെന്നാണ്. ഭരണാധികാരിയെന്ന നിലയില്‍ അവര്‍ പൂര്‍ണ പരാജയവുമാണ്.
മ്യാന്‍മര്‍ രാജ്യത്തിന്റെ ഭരണാധികാരിയായി അവര്‍ അവരോധിക്കപ്പെട്ടതില്‍ ഏറെ സന്തോഷിച്ചത് റോഹിംഗ്യന്‍ മുസ്‌ലിംകളായിരുന്നു. ലോകപ്രസിദ്ധയായ മനുഷ്യാവകാശപ്രവര്‍ത്തകയും ധീരയും സമാധാനദൂതികയുമായ ഒരാള്‍ ഭരണാധികാരിയായി വരുമ്പോള്‍ പട്ടാളഭരണകൂടത്തിന്റെയും ബുദ്ധതീവ്രവാദികളുടെയും കൂട്ടക്കൊലകളില്‍നിന്നു തങ്ങള്‍ക്ക് രക്ഷപ്രാപിക്കാമെന്ന് അവര്‍ ന്യായമായും പ്രതീക്ഷിച്ചു. 2015 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സൂക്കിയുടെ പാര്‍ട്ടി വന്‍ഭൂരിപക്ഷം നേടിയത് അവരെ ആഹ്ലാദചിത്തരാക്കി.
എന്നാല്‍, സൂക്കിയുടെ ഭരണത്തിന്‍കീഴിലും മ്യാന്‍മറിന്റെ കടിഞ്ഞാണ്‍ പട്ടാളത്തിന്റെ ഉരുക്ക് മുഷ്ടിയില്‍തന്നെയാണ്. പട്ടാളത്തിന്റെയും ബുദ്ധതീവ്രവാദികളുടെയും ക്രൂരതകള്‍ക്കിരയായി പൗരാവകാശംപോലും നിഷേധിക്കപ്പെട്ട്, മനുഷ്യാവകാശം ഇല്ലാതാക്കപ്പെട്ട് നരകിച്ച് കഴിയുകയായിരുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അവസ്ഥക്ക് സൂക്കി അധികാരത്തില്‍ വന്നശേഷവും മാറ്റമൊന്നുമുണ്ടായില്ല. എന്നു മാത്രമല്ല, ക്രൂരതകള്‍ കൂടുതല്‍ ക്രൂരമാകുകയാണ്. ആങ്‌സാങ്‌സൂക്കിയുടെ തനിനിറം ലോകം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പട്ടാളം ഭരണം കൈമാറാന്‍ സൂക്കിയില്‍നിന്നും ഇത്തരമൊരു ഉപാധി വാങ്ങിയിരുന്നുവോ എന്നു കരുതുന്നതില്‍ തെറ്റില്ല.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഈ ക്രൂരവനിതക്കു നല്‍കിയതിലൂടെ അത്തരമൊരു പുരസ്‌കാരം അപമാനിക്കപ്പെട്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും പീഡനം അനുഭവിക്കുന്ന ജനതയെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കൊപ്പം സൂക്കി നില്‍ക്കുമെന്ന് കരുതിയത് തെറ്റായ ധാരണയായിരുന്നുവെന്ന് അവര്‍ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ചെറുതായി ചെറുതായി ഇല്ലാതായിത്തീരുന്ന ഒരു വലിയ നേതാവിന്റെ അധഃപതനത്തെയാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് നിക്‌സനെപോലെ ആങ്‌സാങ് സൂക്കിയും അടയാളപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."