കാട്ടാനശല്യം: വനംവകുപ്പിന്റെ എസ്.എം.എസ് ഇനി മലയാളത്തിലും
തൊടുപുഴ: കാട്ടാനകളുടെ നീക്കം നാട്ടിലറിയിക്കാന്‍ വനംവകുപ്പ് ആരംഭിച്ച എസ്.എം.എസ് മുന്നറിയിപ്പ് സംവിധാനം ഇനി മലയാളത്തിലും.
മൂന്നാര്‍ വനം വന്യജീവി വിഭാഗത്തിനു കീഴിലെ ഇരവികുളം കണ്‍ട്രോള്‍ കേന്ദ്രത്തില്‍നിന്ന് അയക്കുന്ന സന്ദേശങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഇംഗ്ലീഷിനും തമിഴിനും പുറമെ മലയാളവും ഉള്‍പ്പെടുത്തിയത്. കാട്ടാനശല്യം കൊണ്ടു പൊറുതിമുട്ടുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ, രാജകുമാരി, ബൈസണ്‍വാലി പഞ്ചായത്തുകളിലെ ജനങ്ങളെയാണ് ആനകളുടെ നീക്കം എസ്.എം.എസുകളിലൂടെ അറിയിക്കുക.
സിംഗുകണ്ടത്ത് യുവാവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായതിനെത്തുടര്‍ന്ന് ഉണ്ടായ ജനകീയ പ്രതിഷേധം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.ജെ വര്‍ഗീസ് ജനകീയ സമര സമിതിക്കു നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഫോണുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാനാരംഭിച്ചത്. വനംവകുപ്പില്‍ മൊബൈല്‍ നമ്പറും പേരും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണു സന്ദേശങ്ങള്‍ ലഭിക്കുക. ചിന്നക്കനാല്‍ പ്രദേശത്തെ 115ഉം, ശാന്തന്‍പാറ മേഖലയില്‍ 282ഉം ഫോണുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കാട്ടാനകളെ നിരീക്ഷിക്കുന്നതിനായി ശങ്കരപാണ്ടിമെട്ട്, മുള്ളന്‍തണ്ട്, പന്നിയാര്‍, തലക്കുളം, ബി ഡിവിഷന്‍, ശാന്തന്‍പാറ, സിംഗുകണ്ടം, മൂലത്തറ, മുത്തമ്മാള്‍ കോളനി, സൂര്യനെല്ലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പത്തോളം താല്‍ക്കാലിക വാച്ചര്‍മാരും, വനംവകുപ്പ് പീരുമേട് ഡിവിഷനില്‍ നിന്നുള്ള ദ്രുതപ്രതികരണ സേനയും ഉണ്ട്. കണ്‍ട്രോള്‍ കേന്ദ്രത്തിലേക്ക് ഈ സംഘങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നാട്ടുകാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചുകൊടുക്കുന്നത്.
കണ്‍ട്രോള്‍ റൂം തുറന്നു ജനങ്ങള്‍ക്ക് ആനകളുടെ നീക്കത്തെക്കുറിച്ച് 18004258255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് കണ്‍ട്രോള്‍ സെന്ററിലേക്ക് നേരിട്ട് വിവരം നല്‍കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. അതതു പ്രദേശത്തെ വാച്ചര്‍മാര്‍ക്കും വിവരങ്ങള്‍ കൈമാറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."