വിനോദസഞ്ചാരരംഗത്തെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും: കടകംപള്ളി
കൊച്ചി: നേരത്തെ അംഗീകാരം ലഭിക്കുകയും പണം മാറ്റി വയ്ക്കുകയും ചെയ്ത വിനോദസഞ്ചാരരംഗത്തെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
എറണാകുളം ബോട്ടുജെട്ടിയില്‍ ടൂറിസം വകുപ്പും വിനോദസഞ്ചാരവകുപ്പിന്റെ ധനസഹായത്തോടെ ജില്ലാ ടൂറിസം കൗണ്‍സിലും പൂര്‍ത്തീകരിച്ച കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് നവീകരണപദ്ധതിയും ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാരരംഗത്തെ പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കും. സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കാനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ബോട്ടുജെട്ടി പരിസരം അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ ആക്കി മാറ്റുന്നതിനുള്ള പദ്ധതി ടൂറിസം വകുപ്പ് പരിഗണിക്കും. കൂടാതെ ബോട്ടുജെട്ടി പരിസരവും കുട്ടികളുടെ പാര്‍ക്കും നടപ്പാതയും നവീകരിക്കും. മറൈന്‍ഡ്രൈവ് വാക്ക്‌വേ നവീകരിക്കും.
കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള വിനോദസഞ്ചാരപദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ സൗമിനി ജെയിന്‍, പ്രൊഫ.കെ.വി തോമസ് എം.പി, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുളള, കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."