ശബരിമല സുരക്ഷ ,നിയോഗിച്ചത് 15,259 പൊലിസ് ഉദ്യോഗസ്ഥരെ
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറു മേഖലകളായി തിരിച്ച് നാലു ഘട്ടങ്ങളായി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആകെ 15,259 പൊലിസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുള്ളത്. ഡി.ഐ.ജി മുതല്‍ അഡിഷനല്‍ ഡി.ജി.പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാലു ഘട്ടങ്ങളുള്ള ഈ സീസണില്‍ എസ്.പി, എ.എസ്.പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാ ചുമതലകള്‍ക്കായി ഉണ്ടാകും. ഡിവൈ.എസ്.പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്.ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടാവുക. 12,562 സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍, സിവില്‍ പൊലിസ് ഓഫിസര്‍ എന്നിവരെയും നിയോഗിച്ചു. കൂടാതെ വനിതാ സി.ഐ, എസ്.ഐ തലത്തിലുള്ള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 3,450 പൊലിസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. ഇവരില്‍ 230 പേര്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 349 പേരും സി.ഐ തലത്തില്‍ 82 പേരും ഡിവൈ.എസ്.പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുള്ള രണ്ടാംഘട്ടത്തില്‍ 3,400 പൊലിസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 312 പേരും സി.ഐ തലത്തില്‍ 92 പേരും ഡിവൈ.എസ്.പി തലത്തില്‍ 26 പേരും ചുമതലകള്‍ നിര്‍വഹിക്കും.
ഡിസംബര്‍ 14 മുതല്‍ 29 വരെയുള്ള മൂന്നാം ഘട്ടത്തില്‍ 4,026 പൊലിസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഇവരില്‍ 230 പേര്‍ വനിതകളാണ്. കൂടാതെ എസ്.ഐ തലത്തില്‍ 389 പേരും സി.ഐ തലത്തില്‍ 90 പേരും ഡിവൈ.എസ്.പി തലത്തില്‍ 29 പേരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ 4,383 പൊലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതകളാണ്. കൂടാതെ എസ്.ഐ തലത്തില്‍ 400 പേരും സി.ഐ തലത്തില്‍ 95 പേരും ഡിവൈ.എസ്.പി തലത്തില്‍ 34 പേരും ഡ്യൂട്ടിയിലുണ്ടാകും.
ഒരു സബ്ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുള്ള കേരള പൊലിസ് കമാന്‍ഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുള്ള മറ്റൊരു കമാന്‍ഡോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏതു സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ബോള്‍ട്ടിന്റെ ഒരു പ്ലാറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പൊലിസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘവും പമ്പയിലും സന്നിധാനത്തും ഉണ്ടാകും.
റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ രണ്ടു കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ രണ്ടു സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്‌പെക്ടറും രണ്ടു വനിതാ സബ്ഇന്‍സ്‌പെക്ടര്‍മാരും 30 വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരും അടങ്ങുന്ന കര്‍ണാടക പൊലിസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."