ദേശീയപാത: നിയമപരമല്ലാത്ത ഹിയറിങ്ങിനെതിരേ പ്രതിഷേധ മാര്‍ച്ച്
കോട്ടക്കല്‍: ദേശീയപാത ബി.ഒ.ടി ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലവും കിടപ്പാടവും കെട്ടിടങ്ങളും ഉപജീവന മാര്‍ഗങ്ങളും നഷ്ടമാവുന്നവര്‍ക്കുള്ള നഷ്ടപരിഹാര-പുനരധിവാസ പാക്കേജ് തീരുമാനിക്കാതെ ഹിയറിങ് നടത്തി ആധാരങ്ങള്‍ കൈക്കലാക്കാനുള്ള റവന്യു-ഹൈവെ അതോറിറ്റി അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടക്കല്‍ എന്‍.എച്ച് സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടരുടെ കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ പത്തിന് കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് നഗരസഭാ കാര്യാലയത്തിനു സമീപം പൊലിസ് തടഞ്ഞു.
പ്രളയക്കെടുതിയില്‍ പതിനായിരങ്ങള്‍ ഭവനരഹിതരായ കേരളത്തില്‍ 45 മീറ്റര്‍ ചുങ്കപ്പാത നിര്‍മിക്കുവാനായി ഇനിയും പതിനായിരങ്ങളെ കുടിയിറക്കി വിടുന്നത് പുനരാലോചിക്കുക, കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കില്ലെന്ന് കേന്ദ്രം തീര്‍ത്തു പറഞ്ഞിട്ടും യാഥാര്‍ഥ്യത്തിന് നിരക്കാത്ത രീതിയില്‍ വലിയ തോതിലുള്ള നഷ്ടപരിഹാരം ഓഫര്‍ ചെയ്യുന്ന ഡെപ്യൂട്ടി കലക്ടര്‍ ഫണ്ടിന്റെ ഉറവിടം വ്യക്തമാക്കുക മുതലായ ആവശ്യങ്ങളുമുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപ് മേനോന്‍ അധ്യക്ഷനായി. അബുലൈസ് തേഞ്ഞിപ്പലം, ഹസൈന്‍ ചെന്നംപള്ളി, ടി.കെ സുധീര്‍ കുമാര്‍, ജയ ഇടിമൂഴിക്കല്‍, അഡ്വ. ശബ്‌ന, നൗഫല്‍ അരീക്കോട്, ടി.പി തിലകന്‍, ഷൗക്കത്തലി രണ്ടത്താണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."