ആനപ്പാറ പൊറ്റമ്മല്‍ കടവ് തടയണ ചെക്ക് ഡാം നിര്‍മാണത്തിന് ആറുകോടിയുടെ സാങ്കേതികാനുമതി
മങ്കട: കൂട്ടിലങ്ങാടി പഞ്ചായത്തിലെ കടലുണ്ടിപ്പുഴയില്‍ ആനപ്പാറ പൊറ്റമ്മല്‍ കടവ് തടയണ ചെക്ക് ഡാം നിര്‍മാണത്തിന് ആറുകോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മോദിക്കടവ്, മുണ്ടയില്‍ പടി, കാഞ്ഞമണ്ണ എന്നി പമ്പ് ഹൗസുകള്‍ക്ക് വെള്ളം നല്‍കാന്‍ ഈ പദ്ധതി വഴി സാധിക്കും.
വേനല്‍കാലത്ത് ഈ പമ്പ് ഹൗസുകളിലേക്കുള്ള ജലസ്രോതസ്സായി ഉപയോഗിക്കുന്നത് താല്‍ക്കാലിക തടയണകളെയാണ്. ജല ദൗര്‍ലഭ്യം കാരണം ഈ തടയണയില്‍ നിന്നും കടിവെള്ള വിതരണം നടത്തുന്നതിനാവശ്യമായ ജലം ലഭിക്കാറില്ല.
ഇതുമൂലം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നും ജലവിതാനം വളരെ താഴുന്നതിനാല്‍ പ്രദേശങ്ങളിലെ കിണറുകളിലും മറ്റും ജലം ലഭ്യമാകാത്തതും വേനല്‍ കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കൂട്ടിലങ്ങാടി പഞ്ചായത്തില്‍ കടലുണ്ടിപ്പുഴയിലെ ആനപ്പാറ പൊറ്റമല്‍ കടവിന് സമീപം ഒരു ചെക്ക്ഡാം നിര്‍മിക്കുന്നതിന് പദ്ധതിയിട്ടത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം വേഗത്തിലാക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."