മരട്: അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും
34 ഫ്‌ളാറ്റ് ഉടമകള്‍ക്കുകൂടി നഷ്ടപരിഹാരം അനുവദിച്ചു
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും. മരട് പഞ്ചായത്തിലെ മുന്‍ഭരണ സമിതി അംഗങ്ങളായ രണ്ടുപേരെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസ് കൈമാറി. സി.പി.എം പ്രതിനിധികളായിരുന്ന ഭാസ്‌കരന്‍, രാജു എന്നിവരോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നിര്‍മാണത്തിന് അനുമതി നല്‍കിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്ത് ഓഫിസില്‍ നിന്ന് അപ്രത്യക്ഷമായതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം കേസില്‍ ഒന്നാം പ്രതിയായ ജെയ്ന്‍ കോറല്‍ കേവ് ഉടമ സന്ദീപ് മേത്തയ്ക്ക് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നവംബര്‍ 18 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ തങ്ങളെ കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ആല്‍ഫാ വെഞ്ച്വേഴ്‌സ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഡയറക്ടറായ പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. ആല്‍ഫ വെഞ്ച്വേഴ്‌സിലെ ഫ്‌ളാറ്റുടമയായ സൂസന്‍ തോമസ് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് പോള്‍ രാജിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. ക്രൈംബ്രാഞ്ച് ഇയാളെ വിളിച്ചുവരുത്തി ഇക്കഴിഞ്ഞ 18ന് ചോദ്യം ചെയ്തിരുന്നു.
34 ഫ്‌ളാറ്റ് ഉടമകള്‍ക്കുകൂടി നഷ്ടപരിഹാരം അനുവദിച്ചു. നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതി ഇന്നലെ യോഗം ചേര്‍ന്നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ആകെ 84 അപേക്ഷകള്‍ ലഭിച്ചതില്‍ 34 പേര്‍ക്കായി 6,15,84,545 രൂപയാണ് സമിതി ഇന്നലെ അനുവദിച്ചത്. മൂന്നു ഉടമകള്‍ക്ക് കൂടിയ തുകയായ 25 ലക്ഷവും ബാക്കിയുള്ളവര്‍ക്ക് 13 മുതല്‍ 21 ലക്ഷം വരെയുള്ള തുകയുമാണ് അനുവദിച്ചത്. ഇതോടെ ആകെ 141 ഫ്‌ളാറ്റ് ഉടമകള്‍ക്കായി 25,25,16,488 രൂപ വിതരണം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."