മൗസിലില്‍ 800 വര്‍ഷം പഴക്കമുള്ള പള്ളി ഐ.എസ് തകര്‍ത്തു
ബഗ്ദാദ്: ഇറാഖിലെ ചരിത്രപ്രസിദ്ധമായ അല്‍നൂരി മസ്ജിദ് ഐ.എസ് ഭീകരര്‍ ബോംബിട്ട് തകര്‍ത്തു. മൗസിലിലെ 800 വര്‍ഷം പഴക്കമുള്ള മസ്ജിദാണ് ഭീകരാക്രമണത്തില്‍ തകര്‍ന്നത്. പള്ളിയോളം പഴക്കമുള്ള ചെരിഞ്ഞ മിനാരവും അക്രമത്തില്‍ തകര്‍ന്നു.
ഐ.എസിന്റെ പരാജയസമ്മതമാണ് പള്ളി തകര്‍ത്തതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. എന്നാല്‍, യു.എസ് സഖ്യസൈന്യത്തിന്റെ ആക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ഐ.എസ് അഅ്മാഖ് വെബ്‌സൈറ്റിലൂടെ ആരോപിച്ചു. ഇത് യു.എസ് സൈന്യം തള്ളിക്കളഞ്ഞിട്ടുണ്ട്. നൂരി പള്ളി തകര്‍ത്തതിലൂടെ മറ്റൊരു ചരിത്രപരമായ കുറ്റകൃത്യമാണ് ഐ.എസ് ചെയ്തിരിക്കുന്നതെന്ന് ഇറാഖ് സൈന്യത്തിന്റെ ലഫ്. ജനറല്‍ അബ്ദുല്‍ ആമിര്‍ യാറല്ല കുറ്റപ്പെടുത്തി.
കിഴക്കന്‍ മൗസിലിലെ പരാജയത്തിനുശേഷം ഐ.എസ് പിന്‍മാറിയ പടിഞ്ഞാറന്‍ ഭാഗത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. 2014ല്‍ മൗസില്‍ കീഴടക്കിയ ശേഷം ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി 'ഖിലാഫത്ത് ' പ്രഖ്യാപനം നടത്തിയത് ഈ പള്ളിയില്‍ വച്ചാണെന്നാണ് കരുതപ്പെടുന്നത്. മൗസില്‍ ഐ.എസില്‍ നിന്നു തിരിച്ചുപിടിക്കാനായി ഇറാഖ് സൈന്യം കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച നീക്കം നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കെയാണ് പള്ളിയില്‍ സ്‌ഫോടനം നടക്കുന്നത്. പള്ളിയുടെ 160 വാര അകലെ സര്‍ക്കാര്‍ സൈന്യം എത്തിയിരുന്നുവെന്നും പരാജയഭീതി മൂലം ഭീകരര്‍ സ്വയം ബോംബ് സ്‌ഫോടനം നടത്തി പള്ളി തകര്‍ക്കുകയായിരുന്നുവെന്നും ഇറാഖി സൈനിക കമാന്‍ഡര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."