കാനഡയില്‍ വീണ്ടും ജസ്റ്റിന്‍ ട്രൂഡോ; കേവല ഭൂരിപക്ഷം നഷ്ടമായി
ഒട്ടാവ: കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തിന് അധികാരം നിലനിര്‍ത്തി. അതേസമയം കേവല ഭൂരിപക്ഷത്തിന് 13 സീറ്റ് പിന്നിലാണ് ട്രൂഡോയുടെ പാര്‍ട്ടി. 338 അംഗ പാര്‍ലമെന്റില്‍ 157 സീറ്റിലാണ് ലിബറല്‍ പാര്‍ട്ടി വിജയിച്ചത്. 170 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
അഭിപ്രായ സര്‍വേകളില്‍ മുന്നിലായിരുന്ന മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 34.4 ശതമാനം വോട്ട് കിട്ടിയെങ്കിലും കൂടുതല്‍ സീറ്റ് നേടാനായില്ല. 33 ശതമാനം വോട്ടാണ് ലിബറല്‍ പാര്‍ട്ടി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 95 സീറ്റ് കിട്ടിയ കണ്‍സര്‍വേറ്റീവുകള്‍ ഇത്തവണ 121 സീറ്റിലാണ് വിജയിച്ചത്.
സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്ത്യന്‍ വംശജനായ ജഗ്മീത് സിങ്ങിന്റെ ഇടത് ചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡി.പി)യുടെ നിലപാട് നിര്‍ണായകമാകും. ഇവര്‍ 15.9 ശതമാനം വോട്ടോടെ 24 സീറ്റാണ് നേടിയത്. ട്രൂഡോയുമായി ഫോണില്‍ സംസാരിച്ച താന്‍ രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന് ഉറപ്പു കൊടുത്തതായി പറഞ്ഞു.
ക്വുബെക് പ്രവിശ്യയിലെ വിഘടനവാദി പാര്‍ട്ടിയായ ബ്ലോക്ക് ക്യുബെക്കോയിസിന് 31 സീറ്റ് ലഭിച്ചു. 10 സീറ്റാണ് 2015ല്‍ ഇവര്‍ നേടിയിരുന്നത്. ഗ്രീന്‍ പാര്‍ട്ടി മൂന്ന് സീറ്റ് നേടി.
ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ട്രൂഡോയ്ക്ക് ചെറു പാര്‍ട്ടികളുടെ പിന്തുണ തേടേണ്ടി വരും. 2015ല്‍ 184 സീറ്റ് നേടിയായിരുന്നു ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയത്. അഴിമതിയാരോപണങ്ങളും വംശീയനിലപാടു സ്വീകരിച്ചെന്ന ആക്ഷേപങ്ങളുമാണ് ട്രൂഡോയ്ക്ക് വിനയായത്.
എസ്.എന്‍.സി ലാവലിന്‍ കേസില്‍ ട്രൂഡോയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അറ്റോണി ജനറല്‍ സ്ഥാനത്തുനിന്നും ലിബറല്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട വില്‍സണ്‍ റേബൗള്‍ഡ് സ്വതന്ത്രയായി ജയിച്ചു. ലാവലിന്‍ കമ്പനിയെ ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ട്രൂഡോ തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തി എന്ന വില്‍സണ്‍ റേബൗള്‍ഡിന്റെ ആരോപണം കാനഡയില്‍ വലിയ വിവാദങ്ങളും പൊട്ടിത്തെറികളുമാണുണ്ടാക്കിയത്.
അതേസമയം, ട്രൂഡോയെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷം ക്യുബെക്കിലെ ജി സെവന്‍ ഉച്ചകോടിക്കിടെ ട്രൂഡോ സത്യസന്ധതയില്ലാത്തയാളാണെന്ന് വിമര്‍ശിച്ചയാളാണ് ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."