നഗരസഭയുടെ അനാസ്ഥ: പാതിവഴിയില്‍ നിലച്ചു രാജാറോഡ് വികസനം
നീലേശ്വരം: നീലേശ്വരത്തിന്റെ പ്രധാനപാതയായ രാജാ റോഡിന്റെ വികസനം പാതിവഴിയില്‍ നിലച്ചു. റോഡിന്റെ അവസ്ഥയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് നഗരസഭാധികൃതര്‍ നല്‍കുന്ന മറുപടി. ആറു മാസം മുന്‍പാണ് രാജാ റോഡ് വികസിപ്പിക്കാന്‍ അളന്ന് തിട്ടപ്പെടുത്തി മാര്‍ക്ക് ചെയ്തു വച്ചത്. പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങളൊന്നുമായില്ല. രണ്ടു ഘട്ടങ്ങളിലായി മാര്‍ക്കറ്റ് റോഡ് മുതല്‍ പോസ്റ്റോഫിസ് വരെയാണ് അളന്ന് തിട്ടപ്പെടുത്തിയത്. മാര്‍ക്കറ്റ് റോഡ് മുതല്‍ മെയിന്‍ ബസാര്‍ വരെയും മെയിന്‍ ബസാര്‍ മുതല്‍ പോസ്റ്റാഫിസ് വരെയും രണ്ടു ഘട്ടങ്ങളിലായാണ് നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ അളന്ന് അടയാളമിട്ടത്. റോഡിന്റെ മധ്യഭാഗത്ത് നിന്ന് ഏഴ് മീറ്റര്‍ വീതിയിലാണ് രണ്ടു ഭാഗത്തേക്കും അളന്ന് അടയാളപ്പെടുത്തിയത്. നടപ്പാതയടക്കം 14 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനായിരുന്നു തീരുമാനം. റോഡ് അളന്ന് അടയാളപ്പെടുത്തി മാസങ്ങള്‍ കഴിഞ്ഞെങ്കിലും പിന്നിട് അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ല. റോഡ് വീതി കൂട്ടുന്നതിന്റെ മുന്നോടിയായി സ്ഥലം വിട്ടുനല്‍കേണ്ടവരുടെയും കച്ചവടക്കാരുടെയും വ്യാപാരി നേതാക്കളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും യോഗം രണ്ട് തവണ വിളിച്ചിരുന്നു. രണ്ടു യോഗത്തിലും ആരും എതിരഭിപ്രായമൊന്നും പറഞ്ഞില്ല. എന്നാല്‍ അന്ന് അളന്ന് അടയാളപ്പെടുത്തായ ഭാഗം ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ മാഞ്ഞു പോയതായി കാണുന്നു.നഗരസഭയുടെ ഭാഗത്ത് നിന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്തതിനാല്‍ വ്യാപാരികളില്‍ ഒരു വിഭാഗം രാജാ റോഡ് വികസനത്തില്‍ നിന്ന് പിന്നോട്ട് പോയിരിക്കയാണ്.
നഗരസഭയുടെ തീരുമാനം ഒന്നുമാവാത്തതിനാല്‍ നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റാനും പുതിയ കെട്ടിടം പണിയാനും പറ്റാത്ത അവസ്ഥയിലാണ് വ്യാപാരികള്‍. മിക്ക വ്യാപാരികളും എന്ത് ചെയ്യണം എന്നറിയാതെ നഗരസഭയുടെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കയാണ്. എന്നാല്‍ രാജാ റോഡ് വികസനം എന്നുമെത്താത്ത അവസ്ഥയില്‍ വ്യാപാരികള്‍ സമരരംഗത്തേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണുള്ളത്. രാജാ റോഡ് വികസത്തിനും കച്ചേരി കടവ് പാലത്തിനുമടക്കം 40 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നു. നഗരസഭാ ബസ് സ്റ്റാന്‍ഡ് നിര്‍മാണവും, ദേശീയപാത വികസനവും, രാജാ റോഡ് വികസനവും നീലേശ്വരത്തെ വ്യാപാരികള്‍ക്ക് വന്‍ പ്രതിസന്ധിയാണ് നല്‍കിയിരിക്കുന്നത്.
നഗരസഭ ഏറ്റെടുത്ത രാജാറോഡ് വികസനം ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനൊപ്പം തന്നെ നടന്നാല്‍ വലിയ നഷ്ടം സഹിക്കേണ്ടി വരില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. രാജാ റോഡ് വികസനം നടന്നാല്‍ അത് നഗരത്തിന് വലിയ ഗുണം ചെയ്യും. എന്നാല്‍ നഗരസഭയുടെ കുത്തഴിഞ്ഞ ഭരണം കാരണം മറ്റെല്ലാ പദ്ധതികളെയെല്ലാം പോലെ രാജാറോഡ് വികസനവും പാതി വഴിയില്‍ നിലച്ച മട്ടാണ്. ഫണ്ടുകള്‍ ലഭ്യമാക്കി രാജാറോഡ് വികസനം കക്ഷി വ്യത്യാസമന്യേ എല്ലാ വിമര്‍ശനങ്ങളും മാറ്റിവെച്ച് നടത്തണമെന്നാണ് ഓട്ടോഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."