ഗജ ചുഴലിക്കാറ്റ്: കേരളത്തിന്റെ തെക്കന്‍ തീരങ്ങളും മലയോര മേഖലയും ആശങ്കയില്‍
കോവളം: വിനാശകാരിയായ ഗജ ചുഴലിക്കാറ്റില്‍ ആശങ്കയുമായി കേരളത്തിന്റെ തെക്കന്‍ തീരങ്ങളും മലയോര മേഖലയും. തമിഴ്‌നാട്ടില്‍ ആഞ്ഞടിക്കുമെന്ന് കരുതിയ ഗജ ഇന്നലെ രാത്രി മുതല്‍ തിരുനെല്‍വേലിയിലൂടെ കന്യാകുമാരി ജില്ല കടന്ന് അറബിക്കടല്‍ ലക്ഷ്യമാക്കി ആഞ്ഞടിച്ചേക്കാമെന്ന മുന്നറിയിപ്പു എത്തിയതോടെയാണ് ആശങ്ക ഉയര്‍ന്നത്. ഇതിനെ പ്രതിരോധിക്കാനും സുരക്ഷയും മുന്‍ കരുതലും ശക്തമാക്കാനും അധികൃതരും സജീവമായി രംഗത്തുണ്ട്.
കന്യാകുമാരി ജില്ലയില്‍ കാറ്റ് വീശിയാല്‍ തൊട്ടടുത്ത് കിടക്കുന്ന തിരുവനന്തപുരം ജില്ലയുടെ തെക്ക് തീരദേശ മലയോര മേഖലയെയും അത് സാരമായി ബാധിച്ചേക്കാമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.ഇത് മുന്‍ നിറുത്തി മത്സ്യത്തൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗങ്ങളില്‍ പോകരുതെന്നും അവിടെക്ക് പോയിട്ടുള്ളവര്‍ പെട്ടെന്ന് തിരിച്ചെത്തണമെന്നുമുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയേട് ചേര്‍ന്ന് തെക്കെ കൊല്ലംകോട് മുതലാണ് കേരളതീരത്തിന്റെ തുടക്കം. കാറ്റ് ദിശതെറ്റി വീശിയാല്‍ സമാന്തരമായി കിടക്കുന്ന തിരുവനന്തപുരം ജില്ലയുടെ തീരത്തേയും മലയോര മേഖലയെയും അത് സാരമായി ബാധിക്കും.
ചുഴലിക്കാറ്റിനെ നേരിടാന്‍ ശക്തമായ പ്രചരണവുമായി തമിഴ്‌നാടും രംഗത്തുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ വറുതിയുടെ പിടിയാലായ മത്സ്യത്തൊഴിലാളികള്‍ ഇന്നലെ വൈകുന്നേരവും കടലില്‍ വള്ളമിറക്കിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ കടലില്‍ ഇവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടുത്താനുള്ള അടിയന്തിര സംവിധാനവും നിലവില്‍ ഇവിടെയില്ല താനും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി മലയോര പ്രദേശങ്ങളിലും കേരള തീരത്തുടനീളവും കന്യാകുമാരി ഭാഗത്തും ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇതേ തീവ്രതയോടെനാളെയും തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ശക്തമായ കാറ്റ് തുടരാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരളത്തെ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ജില്ലകളിലെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളും, പോലിസ്, ഫയര്‍ ഫോഴ്‌സ് വകുപ്പുകളും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയ അധികൃതര്‍ ശക്തമായ കാറ്റില്‍ മരം വീഴുവാനും, വൈദ്യുതി തടസം നേരിടുവാനും സാധ്യതയുള്ളതിനാല്‍ ഇലക്ട്രിസിറ്റി വകുപ്പിനോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ വാഹനങ്ങള്‍ മരങ്ങളുടെ കീഴില്‍ പാര്‍ക്ക് ചെയ്യരുതെന്നും ബലഹീനമായ വൈദ്യുത പോസ്റ്റുകളുടെയും കെട്ടിടങ്ങളുടെയും ചുവട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണെമെന്നും അധികൃതര്‍ ആവശ്യപ്പട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."