കവര്‍ച്ചയ്ക്കിടെ വയോധിക മരിച്ച സംഭവം; രണ്ട് പ്രതികള്‍ പിടിയില്‍
ചടയമംഗലം: പട്ടാപ്പകല്‍ ബൈക്കിലെത്തി കഴുത്തില്‍കിടന്ന മാല പൊട്ടിച്ചെടുക്കുന്നതിനിടെ വയോധിക മരിക്കാനിടയായ സംഭവത്തിലെ രണ്ടു പ്രതികളെ പൊലിസ് പിടികൂടി. തിരുവനന്തപുരം വെട്ടുതുറ ചാന്നാങ്കര ജ്യോതിഷ് ഭവനത്തില്‍ ക്രിസ്റ്റഫറിന്റെ മകന്‍ ജ്യോതിഷ് (23), തൃശൂര്‍, മിണാലൂര്‍ എരിഞ്ഞോലി ബൈപ്പാസ് റോഡില്‍ അല്ലേശിന്റെ മകന്‍ അജീഷ് (29) എന്നിവരെയാണ് റൂറല്‍ എസ്.പി. ബി. അശോകന്റേയും പുനലൂര്‍ ഡിവൈ.എസ്.പി. എം. അനില്‍കുമാറിന്റേയും നിര്‍ദേശാനുസരണം ചടയമംഗലം എസ്.ഐ. ഷുക്കൂറിന്റെ നേതൃത്വത്തിലുളള സംഘം തമിഴ്‌നാട്ടിലെ കുളച്ചില്‍ നിന്നും പിടികൂടിയത്.
ഇളമാട് കവലയ്ക്കപച്ച ജെ.എസ് ലാന്റില്‍ പാറുക്കുട്ടിയമ്മ(90)യാണ് പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം ഓണത്തിന് പകല്‍ 1.45ന് പാറുക്കുട്ടിയമ്മ സീപം താമസിക്കുന്ന മകളുടെ വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.
നിലമേലില്‍ വാടകയ്ക്ക് താമസിച്ചുവന്ന അജീഷും ജ്യോതിഷും ബൈക്കില്‍ ആയൂര്‍ കൊട്ടാരക്കര റോഡില്‍ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ നടന്നുപോവുകയായിരുന്ന പാറുക്കുട്ടിയമ്മയെ തടഞ്ഞുനിര്‍ത്തി ബൈക്ക് ഓടിച്ചിരുന്ന അജീഷ് മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ പിടിവലിയാകുകയും പുറകിലിരുന്ന ജ്യോതിഷ് മാല പൊട്ടിച്ചെടുത്തശേഷം ഇവരെ ചവിട്ടി തളളിയിട്ടു. തുടര്‍ന്ന് ആയൂര്‍ ഭാഗത്തേയ്ക്കു കടന്നുകളഞ്ഞു. വീഴ്ചയില്‍ സാരമായി പരുക്കേറ്റ പാറുക്കുട്ടിയമ്മ ചികിത്സയിലിരിക്കെ രണ്ടുദിവസത്തിനു ശേഷം മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."