പാഠം ചൊല്ലിക്കൊടുത്ത് പ്രിയങ്ക, കേട്ടു പഠിച്ച് പുതിയ ഭാരവാഹികള്‍; 2022 നിയമസഭക്കു മുന്‍പായി യു.പി കോണ്‍ഗ്രസിനെ ഊര്‍ജ്ജസ്വലമാക്കാന്‍ നേതൃത്വം
റായ്ബറേലി: 2022 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കാന്‍ കച്ചകെട്ടി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി പുതിയ ഭാരവാഹികള്‍ക്ക് ക്ലാസെടുക്കാനെത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
മാതാവും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധി പ്രതിനീധീകരിക്കുന്ന റായ്ബറേലിയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍. ഇവിടെ തന്നെയാണ് പുതുതായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് വേണ്ടിയുള്ള പഠനക്യാമ്പും സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് ക്യാമ്പ്.
ക്യാമ്പ് ആരംഭിച്ച ഇന്നലെ ആറ് മണിക്കൂര്‍ നീണ്ട് നിന്ന സെഷനാണ് ഉണ്ടായിരുന്നത്. ഈ സെഷനെ നയിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. മാധ്യമങ്ങള്‍ക്ക് ക്യാമ്പിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രമാണ് പ്രിയങ്ക ഗാന്ധി ആദ്യക്ലാസില്‍ പ്രവര്‍ത്തകരെ പഠിപ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ നേട്ടങ്ങളും സംഭാവനകളെ കുറിച്ചും പ്രിയങ്ക ക്ലാസ്സിനിടെ പറഞ്ഞു. എങ്ങിനെയാണ് ഈ മുന്‍പ്രധാനമന്ത്രിമാര്‍ രാജ്യമെങ്ങും പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതെന്നും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ ആശയം പ്രചരിപ്പിച്ചതെന്നും അവര്‍ ഭാരവാഹികളോട് വിശദമാക്കി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കൊണ്ടു വന്ന വികസനങ്ങളുടെ വീഡിയോകളും അവര്‍ പ്രവര്‍ത്തകരെ കാണിച്ചു.
ഉത്തര്‍പ്രദേശിലെ ക്രമസമാധാന പ്രശ്‌നങ്ങളെ ഉയര്‍ത്തി കോണ്‍ഗ്രസ് പ്രക്ഷോഭ രംഗത്തിറങ്ങണമെന്ന് നേതാക്കളോട് പ്രിയങ്ക ഗാന്ധി. സോന്‍ഭദ്രയിലെയും ഷാജഹാന്‍പൂരിലും പാര്‍ട്ടി ഇടപെട്ടത് പോലെ സംസ്ഥാനത്തുടനീളം അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും പ്രിയങ്ക നേതാക്കളോട് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, ഹരിയാന നിയമസഭങ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രിയങ്ക ഗാന്ധി എത്തിയിരുന്നില്ല. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ പ്രാപ്തമാക്കുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വം എന്നായിരുന്നു പ്രിയങ്ക നല്‍കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."