കുഴൂര്‍ പഞ്ചായത്തിലെ പോളക്കുളം നാശത്തിന്റെ വക്കില്‍
മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ പോളക്കുളം നാശത്തിന്റെ വക്കില്‍. രണ്ടര ഏക്കറിലധികം വിസ്തൃതിയുള്ള പോളക്കുളം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസികള്‍ അലക്കാനും കുളിക്കാനുമായി ഉപയോഗിച്ചിരുന്ന കുളത്തില്‍ മാലിന്യ നിക്ഷേപത്തിന് പുറമേ ആഫ്രിക്കന്‍ പായലും പുല്ലും കുളവാഴയും നിറഞ്ഞു കിടക്കുകയാണ്. കണ്ടാല്‍ പുല്ലും പായലും നിറഞ്ഞു കിടക്കുന്ന പാടശേഖരമായേ ഈ കുളം തോന്നുകയുള്ളൂ.
കുളത്തില്‍ ഇറങ്ങിയാല്‍ ചൊറിച്ചിലും മറ്റും ഉണ്ടായതോടെയാണ് പ്രദേശവാസികള്‍ ഇവിടേക്ക് എത്താതായത്.
പ്രദേശത്തെ കിണറുകളെ ജലസമൃദ്ധമാക്കിയിരുന്ന കുളത്തിലെ ജലവിതാനം ഓരോ വര്‍ഷവും കുറഞ്ഞു കുറഞ്ഞു വരികയാണ്. സമീപ പ്രദേശത്തുകാരുടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ് കുളം.
വേനലില്‍ ജലവിധാനം ക്രമാധീതമായി കുറയുന്നതിന് പരിഹാരമായി കെ. കരുണാകരന്റെ ഭരണകാലത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് പൂത്തിരുത്തി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി.
ആലമറ്റത്ത് നിന്നും എളയാനം തോട്ടിലൂടെ തിരുത്ത, ചെത്തിക്കോട് വഴി പൂത്തിരുത്തി കുളത്തില്‍ വെള്ളമെത്തിച്ച് അവിടെ നിന്നും പോളക്കുളത്തിലേക്കു വെള്ളം പമ്പ് ചെയ്ത് കുളത്തില്‍ നിന്നും വീണ്ടും പമ്പു ചെയ്ത് ജലസേചനം നടത്തുന്ന പദ്ധതിയാണിത്. കുളം ഉപയോഗ ശൂന്യമായതോടെ പദ്ധതി നിലച്ച നിലയിലാണ്.
സര്‍വേ നടത്തി കൈയേറ്റങ്ങള്‍ തിരിച്ചു പിടിക്കണം. കുളത്തിന്റെ മൂന്ന് വശവും കെട്ടി ഉയര്‍ത്തി ചുറ്റും നടപ്പാതകളും ഇരിപ്പിടങ്ങളും കൈവരികളും നിര്‍മിക്കുകയും തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുകയാണെങ്കില്‍ ഗ്രാമീണ ടൂറിസത്തിന് ഈ കുളം മുതല്‍ക്കൂട്ടുമാകും.
യാതൊരുവിധ വിനോദോപാതികളും ഇല്ലാത്ത കുഴൂരിന് ഇതിലൂടെ ഗ്രാമീണ ടൂറിസത്തില്‍ ഇടം നേടാനാകും.കൊടുങ്ങല്ലൂര്‍പൊയ്യ പൂപ്പത്തി എരവത്തൂര്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡ് കടന്നു പോകുന്നതു കുളത്തിനരികിലൂടെ ആണെന്നുള്ളതും ഈ സാധ്യത വര്‍ധിപ്പിക്കുന്നു.
കുളത്തില്‍ നീന്തല്‍ പരിശീലനം നല്‍കിയാല്‍ കായിക രംഗത്തെ ഭാവി തലമുറകളെ വാര്‍ത്തെടുക്കാനും സാധിക്കും.
ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് നിദാന്ത പരിശ്രമത്തിന്റെ ഭാഗമായി നാട്ടുകാരുടെ ഒപ്പോട് കൂടിയ അപേക്ഷ മുഖ്യമന്ത്രിക്കും എം.എല്‍.എക്കും കൊടുത്തതു കൂടാതെ ഗ്രാമപഞ്ചായത്ത് അധികാരികളേയും നാട്ടുകാര്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."