തോപ്പില്‍മുക്കിലെ തണല്‍മരം മുറിച്ചുമാറ്റാന്‍ നീക്കം; പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി
ശാസ്താംകോട്ട: കോവൂര്‍ തോപ്പില്‍മുക്കിലെ കാലപ്പഴക്കമില്ലാത്ത തണല്‍മരം മുറിച്ചു നീക്കാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകം. ചവറ-അടൂര്‍ പാതയില്‍ ഗതാഗതത്തിന് തടസമില്ലാത്തതും അപകടഭീഷണി ഇല്ലാത്തതുമായ മരമാണ് മുറിച്ചു മാറ്റാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ശാസ്താംകോട്ട പി.ഡബ്ല്യു.ഡി എ.ഇയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍, മരംമുറിപ്പുകാര്‍ എന്നിവരടങ്ങുന്ന സംഘമെത്തിയെങ്കിലും മരംമുറിക്കുന്നത് നാട്ടുകാര്‍ തടയുകയായിരുന്നു.
തോപ്പില്‍മുക്കിലെ ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടെ നാട്ടുകാര്‍ സംഘടിച്ച് മരംമുറിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും എ.ഇ പിന്മാറാന്‍ തയാറാകാതിരുന്നത് സംഘര്‍ഷം സൃഷ്ടിച്ചു. ഇതിനെതുടര്‍ന്ന് അധികൃതര്‍ പിന്‍മാറുകയായിരുന്നു. മുന്‍പ് ഹൈമാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതിനായി ഈ മരംമുറിക്കാന്‍ തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. പിന്നീട് ലൈറ്റ് ജങ്ഷന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ നാടെങ്ങും സര്‍ക്കാര്‍ തലത്തില്‍ പോലും വൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കുമ്പോള്‍ യാതൊരു ഭീഷണിയുമില്ലാത്ത തണല്‍മരം മുറിക്കുന്നതിന് യാതൊരു ന്യായികരണവുമില്ലെന്നും ഇതിനെതിരേ ശക്തമായി രംഗത്തെത്തുമെന്നും ആര്‍.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉല്ലാസ് കോവൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."