ആദിവാസി കുടുംബത്തിന്റെ വഴി കെട്ടിയടച്ചതായി പരാതി
പാലക്കാട്: ആദിവാസി കുടുംബത്തിന്റെ വീട്ടിലേയ്ക്കുള്ള വഴി കെട്ടിയടച്ചതായി പരാതി. നെന്മാറ പോത്തുണ്ടി തിരുത്തംപ്പാടം ബോയന്‍കോളനിയിലെ ആദിവാസി ഇരുള വിഭാഗത്തില്‍ പെട്ട പൊന്നുസ്വാമിയുടെ കുടുംബത്തിലേക്കുള്ള വഴി സമീപവാസികളായ വസന്തയും മക്കളായ പുഷ്പയും ശിവനും ചേര്‍ന്ന് കെട്ടിയടച്ചെന്നാണ് പരാതി.
സംഭവത്തില്‍ അധിക്യതര്‍ക്ക് പരാതിനല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പൊന്നുസ്വാമി, ഭാര്യ മീനാക്ഷി, മകന് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെല്ലിയാമ്പതി സ്വദേശികളായ പൊന്നുസ്വാമി 28 വര്‍ഷം മുമ്പാണ് പോത്തുണ്ടിയില്‍ സ്ഥലം വാങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വരെ വഴി സംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് ഒരു മുന്നറിയിപ്പും കൂടാതെ വഴി കൊട്ടിയടച്ചതെന്ന് അവര്‍ പറഞ്ഞു.
കമ്പിവേലി കൊണ്ട് വഴി കെട്ടിയടച്ചതിനാല്‍ ഇപ്പോള്‍ 300 മീറ്ററോളം ചുറ്റിയാണ് റോഡിലേക്ക് വരുന്നതെന്നും രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും വഴി കെട്ടിയടച്ചതിനെതിരെ നെന്മാറ പൊലിസ്, വല്ലങ്ങി വില്ലേജ് ഓഫീസര്‍, പാലക്കാട് ആര്.ഡി.ഒ, മന്ത്രി എ കെ ബാലന് എന്നിവര്‍ക്ക് പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും മകന് ബാബു പറഞ്ഞു. 83 സെന്റ് സ്ഥലവും 13 കന്നുകാലികളുമാണ് പൊന്നുസ്വാമിക്കും ഉള്ളത്. തങ്ങളുടെ കയ്യിലുള്ള സ്ഥലം വിട്ടുകൊടുത്ത് ഒത്തു തീര്‍പ്പിന് തയ്യാറായെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."