വട്ടിയൂര്‍ക്കാവില്‍ എന്തും സംഭവിക്കും, സാധ്യതകള്‍ ഇങ്ങനെ..
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പോളിങ്ങ് കഴിഞ്ഞതോടെ മുന്നണികള്‍ വട്ടിയൂര്‍ക്കാവിലെ വിജയം കൂട്ടിക്കിഴിച്ച് കാത്തിരിക്കുന്നു. വിജയം സുനിശ്ചിതമെന്ന വിലയിരുത്തലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ചെറിയ സംശയം ബാക്കിയുണ്ടെങ്കിലും എല്‍.ഡി.എഫിനും വിജയപ്രതീക്ഷയുണ്ട്. അതേസമയം വോട്ട് ചോര്‍ന്നെന്നും സമുദായ സംഘടനകളുടെ നിലപാട് തിരിച്ചടിയായെന്നുമാണ് ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തല്‍.
വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. വോട്ടിങ്ങ് ശതമാനത്തിലുണ്ടായ കുറവ്, ഉറച്ച വിജയപ്രതീക്ഷ പ്രകടിപ്പിക്കുന്ന യു.ഡി.എഫിനെയും ചെറുതായി ഉലച്ചിട്ടുണ്ട്. പരമ്പരാഗത കോണ്‍ഗ്രസ്, യു.ഡി.എഫ് വോട്ടുകള്‍ക്കൊപ്പം ബി.ജെ.പിയില്‍നിന്നു ചോരുന്ന വോട്ടും കൂട്ടുമ്പോള്‍ കെ.മോഹന്‍കുമാറിന്റെ വിജയം സുനിശ്ചിതമെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.
എന്‍.എസ്.എസിന്റെ പരസ്യ പിന്തുണയുണ്ടായിരുന്നെങ്കിലും എന്‍.എസ്.എസ്. കേന്ദ്രങ്ങളില്‍ വേണ്ടത്ര പോളിങ്ങ് നടന്നില്ലെന്ന വിലയിരുത്തലുണ്ട്. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത് മണലയം സെന്റ് ആന്റണീസ് പള്ളി ഹാളിലെ ബൂത്തിലായിരുന്നു. ഇവിടെ 78.11 ശതമാനമായിരുന്നു പോളിങ്ങ്. അതേസമയം പരമ്പരാഗത നായര്‍ കേന്ദ്രങ്ങളെന്നു കണക്കാക്കുന്ന ബൂത്തുകളിലെല്ലാം 50 ശതമാനത്തിനു മുകളില്‍ വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ടെങ്കിലും അതുനല്‍കുന്ന അര്‍ഥമെന്താണെന്നത് കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്.
എങ്കിലും കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളെല്ലാം ലഭിച്ചു എന്നും നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ വോട്ടുകള്‍ക്ക് മോഹന്‍കുമാര്‍ വിജയിക്കുമെന്നാണ് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞത്.
എന്‍.എസ്.എസ് കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ഭിന്നിപ്പുണ്ടായതായും വിലയിരുത്തലുണ്ട്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടില്‍ വിള്ളലുണ്ടായെങ്കില്‍ അത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
കണക്കുകളിലാണ് സി.പി.എം. വിജയം പ്രതീക്ഷിക്കുന്നത്. അന്‍പതിനായിരം വോട്ട് തനിക്ക് ലഭിക്കുമെന്നാണ് ഇടത് സ്ഥാനാര്‍ഥിയായ വി.കെ പ്രശാന്ത് പ്രതികരിച്ചത്. നാല്‍പ്പത്തി നാലായിരം വോട്ട് പ്രശാന്തിന് ലഭിക്കുമെന്ന് പാര്‍ട്ടിയും കണക്കുകൂട്ടിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ പ്രഭാവത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുകയാണെങ്കില്‍ വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പെന്നാണ് സി.പി.എം വിലയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടില്‍നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടില്‍നിന്നും കൂടുതല്‍ വോട്ടുകള്‍ നേടാനായാല്‍ മാത്രമേ പ്രശാന്തിന് ജയമുള്ളൂ എന്ന കഠിനമായ ലക്ഷ്യമാണ് സി.പി.എമ്മിനു മുന്നിലുള്ളത്.
20,000നും 25,000നും ഇടയില്‍ വോട്ട് മാത്രമേ എസ്.സുരേഷിന് ലഭിക്കാനിടയുള്ളൂ എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത്, കുമ്മനം രാജശേഖരനെ അവസാന നിമിഷം സ്ഥാനാര്‍ഥിത്വത്തില്‍നിന്നു മാറ്റിയത്, ആര്‍.എസ്.എസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തത്, എന്‍.എസ്.എസിന്റെ പരസ്യമായ നിലപാട് പ്രഖ്യാപനം എല്ലാം വട്ടിയൂര്‍ക്കാവില്‍ കനത്ത തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."