ഗ്രാമങ്ങളെ മാന്തിപ്പൊളിക്കുന്ന ക്വാറി നിയമ ഭേദഗതി
സംസ്ഥാന സര്‍ക്കാര്‍ ക്വാറി നിയമത്തില്‍ വരുത്തിയ ഭേദഗതി ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ആശങ്ക സംസ്ഥാനത്തുടനീളം വ്യാപിക്കുകയാണ്. റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍നിന്ന് ക്വാറികള്‍ പാലിക്കേണ്ട അകലം 100 മീറ്റര്‍ ആയിരുന്നത് ഇപ്പോള്‍ 50 മീറ്റര്‍ ആക്കി കുറച്ചാണ് സര്‍ക്കാര്‍ ഖനന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. കൂടാതെ, ക്വാറികളുടെ അനുമതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരുന്നത് അഞ്ചു വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന രണ്ടായിരത്തിലധികം ക്വാറികള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്ന കേരളത്തില്‍ ഈ നടപടി കൂടുതല്‍ പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. രണ്ടു വര്‍ഷം മുമ്പു വരെ 50 മീറ്റര്‍ തന്നെയായിരുന്നു ക്വാറികള്‍ക്കു പൊതു ഇടങ്ങളില്‍ നിന്ന് നിശ്ചയിച്ചിരുന്ന ദൂരപരിധി. അതിന്റെ മറവില്‍ ക്വാറി മാഫിയാ സംഘങ്ങള്‍ കേരളത്തിന്റെ ഭൂപ്രകൃതിയില്‍ നടത്തിയകടുത്ത ചൂഷണം വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. പലരും ഈ ദൂരപരിധിപോലും ലംഘിച്ചാണ് പല സ്ഥലങ്ങളിലും പാറകള്‍ പൊട്ടിച്ചു കടത്തിയത്. ഒരു ലൈസന്‍സിന്റെ മറവില്‍ ഒന്നിലധികം ക്വാറികള്‍ നടത്തുന്നതും സംസ്ഥാനത്തു വ്യാപകമായിരുന്നു. ഓരോ ക്വാറിക്കും ലൈസന്‍സ് ലഭിച്ച കൃത്യമായ പ്രദേശം ഏതാണെന്ന് സാധാരണക്കാര്‍ക്ക് അറിയാനാവാത്ത അവസ്ഥ അവര്‍ക്കു ഗുണകരമായി. അതറിയുകയും നിയമലംഘനം തടയുകയും ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ ക്വാറിയുടമകള്‍ക്കു കൂട്ടുനില്‍ക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി. ഇതിന്റെയൊക്കെ ഫലമായി സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയുടെ ആകൃതി തന്നെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ എത്രമാത്രം മാറിപ്പോയിട്ടുണ്ടെന്ന് ചുരുങ്ങിയത് നാല്‍പതു വയസിലെങ്കിലും എത്തിയ ഏതു മലയാളിക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്.
നിര്‍ബാധം തുടര്‍ന്ന പാറപൊട്ടിക്കലും മണ്ണെടുപ്പും വന്‍ ദുരന്തത്തിലേക്കാണ് സംസ്ഥാനത്തെ നയിച്ചത്. ജലം സംഭരിക്കാന്‍ പ്രകൃതി ഒരുക്കിയ സംവിധാനങ്ങളെല്ലാം താറുമാറായി. സംസ്ഥാനം കടുത്ത ജലക്ഷാമം നേരിടുന്നതിന് പ്രധാന കാരണങ്ങള്‍ ഇത്തരം പാറപൊട്ടിക്കലും മണ്ണെടുപ്പും മണല്‍ ഖനനവുമൊക്കെയാണെന്നത് കേരളം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ അതിനൊക്കെ എതിരായ ജനവികാരം സംസ്ഥാനത്ത് വ്യാപകമായി. കൂടാതെ ക്വാറികളുടെ അനിയന്ത്രിതപ്രവര്‍ത്തനം ജനവാസ കേന്ദ്രങ്ങളില്‍ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയുമൊക്കെ നിലനില്‍പിനു ഭീഷണി സൃഷ്ടിക്കാന്‍ തുടങ്ങുക കൂടി ചെയ്തതോടെ ഗ്രാമപ്രദേശങ്ങളില്‍ ജനരോഷം ശക്തമായി. ഇതെല്ലാം കണക്കിലെടുത്താണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പൊതു ഇടങ്ങളില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 100 മീറ്ററായി ഉയര്‍ത്തിയത്. അതില്‍ മാറ്റം വരുത്തിയാണ് കഴിഞ്ഞദിവസം ദൂരപരിധി വീണ്ടും പഴയപടി തന്നെ ആക്കിയിരിക്കുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും മറ്റു വിദഗ്ധ സമിതികളും പരിസ്ഥിതിപ്രവര്‍ത്തകരുമൊക്കെ ഉയര്‍ത്തിയ ആശങ്കകളും മുന്നറിയിപ്പുകളും അവഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നടപടി.
ക്വാറി ഉടമകളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. ക്വാറികളുടെ എണ്ണം കുറഞ്ഞതു മൂലം സംസ്ഥാനത്ത് നിര്‍മാണ സാമഗ്രികള്‍ക്കു ക്ഷാമം നേരിടുകയും അതു നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിയമഭേദഗതിക്കു ന്യായമായി സര്‍ക്കാര്‍ പറയുന്നത്. ആ വാദത്തില്‍ വലിയൊരളവ് ശരിയുണ്ടെങ്കിലും സംസ്ഥാനത്ത് പരിധി വിട്ടു മുന്നേറുന്ന കെട്ടിട നിര്‍മാണങ്ങളുടെ പൂര്‍ണമായ ആവശ്യം നിറവേറ്റാന്‍ മാത്രം കരിങ്കല്ലും ചെങ്കല്ലും മണലുമൊന്നും ഈ കൊച്ചുകേരളത്തില്‍ ഇല്ലെന്നതാണ് വസ്തുത. വരാനിരിക്കുന്ന ദുരന്തങ്ങള്‍ മുന്നില്‍ കണ്ട് പല വികസിത രാജ്യങ്ങളും കെട്ടിടനിര്‍മാണത്തിന് കല്ലും മണലും വളരെ കുറച്ചോ തീര്‍ത്തും ഒഴിവാക്കിയോ ഒക്കെയുള്ള നവീന രീതികളിലേക്കു മാറിത്തുടങ്ങിയിട്ടുണ്ട്. കേരളവും അത്തരം മാര്‍ഗങ്ങള്‍ തേടേണ്ട സമയം അതിക്രമിച്ചു.
അതൊന്നും ചെയ്യാതെ കൈക്കൊണ്ട തീരുമാനത്തിലൂടെ പ്രവര്‍ത്തനരഹിതമായ രണ്ടായിരം ക്വാറികളും അവയുടെ ലൈസന്‍സിന്റെ മറവിലുണ്ടാകുന്ന അനുബന്ധ അനധികൃത ക്വാറികളുമൊക്കെ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രവചനാതീതമായ പാരിസ്ഥിതിക ദുരന്തങ്ങളിലേക്കായിരിക്കും കേരളം നീങ്ങുക. ഗ്രാമപ്രദേശങ്ങളെയും മലയോര മേഖലകളെയും മാന്തിപ്പൊളിച്ചു വികൃതമാക്കിക്കൊണ്ടു മുന്നേറുന്ന ഇത്തരം ഘനനങ്ങള്‍ കേരളം കൂടുതല്‍ വരണ്ടുണങ്ങാനിടയാക്കുകയും ഇപ്പോള്‍ തന്നെ ദുര്‍ബലാവസ്ഥയിലായ കാര്‍ഷികമേഖലയ്ക്ക് ചരമക്കുറിപ്പെഴുതുകയും ചെയ്യുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."