കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നോക്കുകുത്തിയാകുന്നു
കുളമാവ്: ജില്ലയിലെ ഏക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. കുളമാവ് പോത്തുമറ്റത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് അവതാളത്തിലായിരിക്കുന്നത്. ഇതോടനുബന്ധിച്ചുണ്ടായിരുന്ന ഓഫിസ് കെട്ടിടം ഇപ്പോള്‍ റിസോര്‍ട്ട് ഉടമയുടെ കൈവശമാണ്. മഴയുടെ അളവ് രേഖപെടുത്തുന്നതിനും മഴ പെയ്യാനുള്ള സാധ്യത അറിയുന്നതിനും കൂടിയ അന്തരീക്ഷ ഊഷ്മാവ് കണക്കാക്കുന്നതിനും, കാറ്റിന്റെ വേഗത, അന്തരീക്ഷ മര്‍ദ്ദം എന്നിവ കണക്കാക്കുന്നതിനുമുള്ള ഉപകരണങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഇതില്‍ പകുതി ഉപകരണങ്ങള്‍ കാട്ടാന നശിപ്പിക്കുകയും, ബാക്കി സാമൂഹ്യ വിരുദ്ധര്‍ അഴിച്ചു കൊണ്ടുപോകുകയും ചെയ്തു. കുറച്ചുപകരണങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ അഴിച്ച് ഓഫിസില്‍ വച്ചിരിക്കുകയാണ്. ഇപ്പോള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എന്ന പേരു മാത്രമെ ഇതിനുള്ളു. പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണങ്ങളും ഇവിടെയില്ല. കേരളത്തിലെ പതിനാലു ജില്ലകളിലും ഓരോ നിരീക്ഷണ കേന്ദ്രങ്ങളാണ് ഉള്ളത്.
അതില്‍ ഇടുക്കി ജില്ലയുടെ കേന്ദ്രമാണ് നാശോന്മുഖമായിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി തരണമെന്ന് കാണിച്ച് ജില്ലാ ഓഫിസര്‍ നിരവധി തവണ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
അഞ്ചു സെന്റ് സ്ഥലമാണ് ഈ കേന്ദ്രത്തിനുള്ളത്. ഗോവണിയും സ്റ്റാന്‍ഡും ചുറ്റുവേലിയുമാണ് ഇവിടെ അവശേഷിക്കുന്നത്.അതും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നു കടത്തിക്കൊണ്ടുപോയ ഉപകരണങ്ങള്‍ വീണ്ടെടുക്കുന്നതിന് വേണ്ട നടപടികള്‍ ഒന്നും അധികൃതര്‍ നടത്തിയിട്ടില്ല.
ഈ കേന്ദ്രം മുട്ടത്ത് ആരംഭിക്കാനിരിക്കുന്ന ഓട്ടോമാറ്റിക്ക് വെതര്‍ സ്‌റ്റേഷന്റെ ഭാഗമാക്കുന്നതിനായി അവിടേയ്ക്ക് മാറ്റാനും ശ്രമം നടക്കുന്നതായി പറയപ്പെടുന്നു. ഹൈറേഞ്ചിലെ കാലാവസ്ഥയും മുട്ടത്തെ കാലാവസ്ഥയും തമ്മില്‍ വ്യത്യാസമുള്ളതിനാല്‍ ഈ കേന്ദ്രം മുട്ടത്ത് സ്ഥാപിച്ചാല്‍ അതിനുള്ള പ്രയോജനം ലഭിക്കില്ലെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."