സമാധാനത്തിന് എല്ലാവരും സഹകരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായ രീതിയില്‍ മണ്ഡല, മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലാ വിഭാഗങ്ങളുടെയും ആരാധനാകേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ആരാധനക്കായി എത്തിച്ചേരുന്ന തീര്‍ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തര്‍ക്ക് സമാധാനപരമായി അയ്യപ്പദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധിപേര്‍ എത്തിച്ചേരുന്ന തീര്‍ഥാടനകേന്ദ്രമെന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ തന്നെ യശസിന് കോട്ടമുണ്ടാക്കും. തീര്‍ഥാടനകേന്ദ്രത്തിന്റെ കീര്‍ത്തിക്കുതന്നെ മങ്ങലേല്‍പ്പിക്കുന്നതിന് അത് ഇടയാക്കുമെന്ന് ഭക്തജനങ്ങള്‍ തിരിച്ചറിയണം.
ശബരിമലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിലുണ്ടായത്. അതിന് നേതൃത്വം കൊടുത്തവര്‍ തന്നെ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്രത്തോളം ജാഗ്രത ഉണ്ടാവണമെന്ന് ഇത് സര്‍ക്കാരിനെയും ബഹുജനങ്ങളെയും ഓര്‍മിപ്പിക്കുന്നു. ശബരിമലയെ അക്രമത്തിന്റെയും കലാപത്തിന്റെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായി മാറ്റാന്‍ അനുവദിച്ചുകൂട. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാനും ചിലര്‍ക്ക് താല്‍പര്യമുണ്ടാകാം. അത്തരം താല്‍പര്യക്കാരുടെ കൈകളില്‍ കേരള ജനത പെട്ടുപോകരുത്.
ജനങ്ങളില്‍ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുന്നവിധം തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. നവമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനജീവിതത്തെ അസ്വസ്ഥമാക്കുന്നതിനുള്ള ഇടപെടലുകള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. ശബരിമലയെയും സംസ്ഥാനത്തെയും സ്‌നേഹിക്കുന്നവരാരും ഇത്തരം പ്രചാരവേലകളില്‍ കുരുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."