എലിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തണം
ആലപ്പുഴ: എലി, കന്നുകാലികള്‍, കരണ്ടു തിന്നുന്ന ജീവികള്‍, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലുടെയാണ് എലിപ്പനി രോഗമുണ്ടാകുന്നത്. ഇവയുടെ മൂത്രം കലര്‍ന്ന മണ്ണോ, വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെ രോഗാണു കൈകാലുകളിലെ മുറിവുകളിലൂടെയും മനുഷ്യനില്‍ പ്രവേശിക്കുന്നത്.
പനി, പേശിവേദന, തലവേദന, കണ്ണുകള്‍ക്ക് ചുവപ്പുനിറം, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും നടന്നു കഴിഞ്ഞാല്‍ കാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
മലിനമായ ജലത്തില്‍ കളിക്കുകയോ, കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. ആഹാര സാധനങ്ങളും കുടിവെള്ളവും എലിമൂത്രം കലരാതെ നന്നായി അടച്ചു സൂക്ഷിക്കുക. സ്ഥിരമായി പാടത്തും പറമ്പിലും പണിയെടുക്കുന്നവരും ഓടകള്‍, കുളങ്ങള്‍, കനാലുകള്‍ എന്നിവ വൃത്തിയാക്കാനിറങ്ങുന്നവരും, കുളങ്ങളിലും ചാലുകളിലും മീല്‍ പിടിക്കാന്‍ ഇറങ്ങുന്നവരും ആഴ്ചയിലൊരിക്കല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധമരുന്ന് ഭക്ഷണശേഷം കഴിക്കണം. വീടും പരിസരവും വൃത്തിയാക്കുന്നവര്‍, പുല്ല് ചെത്തുന്നവര്‍, മീന്‍ പിടിക്കാനിറങ്ങുന്നവര്‍ തുടങ്ങിയവര്‍ ജോലിക്കുശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
പനി വന്നാല്‍ സ്വയംചികില്‍സ നടത്തരുത്. മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നതും പനി വന്നവരുടെ കുറിപ്പടി ഉപയോഗിച്ച് മറ്റുള്ളവര്‍ മരുന്ന് വാങ്ങി കഴിക്കുന്നതും അപകടരമാണ്. പനി വന്നാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ചികിത്സ തേടണം. എലിപ്പനി വരാനുള്ള സാഹചര്യത്തില്‍ ജോലി ചെയ്യുന്നവരും കൈകാലുകളില്‍ മുറിവുള്ളവരും ആ വിവരം പനിക്ക് ചികിത്സ തേടുമ്പോള്‍ ഡോക്ടറെ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."