നൂറയ്ക്ക് എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു റമദാന്‍കാലം
കമ്പളക്കാട്: റമദാനിന്റെ ദിനരാത്രങ്ങള്‍ പ്രാര്‍ഥനയില്‍ മുഴുകി പവിത്രമാക്കുകയാണ് റഷ്യയില്‍ ജനിച്ചുവളര്‍ന്ന് കേരളത്തിന്റെ മരുമകളായ നൂറ വാലന്റൈന്‍. വയനാട് ജില്ലയിലെ കമ്പളക്കാട് ഇളയടത്ത് സിദ്ദീഖിന്റെ ജീവിതത്തിലേക്ക് 2015 മെയ് 21ന് വലതുകാല്‍വച്ച് കടന്നുവന്ന നൂറക്ക് ഭര്‍തൃവീട്ടിലെ ആദ്യ റമദാന്‍ കൂടിയാണിത്.
പ്രാര്‍ഥനകളാല്‍ മുഖരിതമായ റമദാന്‍ നല്ലൊരു അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് നൂറ പറയുന്നു. മലയാളത്തനിമയുള്ള ഭക്ഷണ പാനീയങ്ങള്‍ നാവിന് രുചിയുടെ വകഭേദങ്ങളും സമ്മാനിച്ചപ്പോള്‍ ഭര്‍തൃവീട്ടിലെ ആദ്യ റമദാന്‍ ഈ മോസ്‌കോക്കാരിക്ക് അനിര്‍വചനീയമായ അനുഭവങ്ങളുടേതായി. റഷ്യയിലെയും കേരളത്തിലെയും റമദാനുകള്‍ വ്യത്യസ്തമാണെന്നും നൂറയ്ക്ക് അഭിപ്രായമുണ്ട്. റഷ്യയില്‍ 22 മണിക്കൂറാണ് വ്രതം അനുഷ്ഠിക്കുന്നത്. ഇവിടെയത് 14 മണിക്കൂറിലേക്ക് ചുരുങ്ങി.
നിയമ ബിരുദം നേടി മോസ്‌കോയിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന നൂറ 2013ല്‍ അവധിക്കാലം ആസ്വദിക്കാനായാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഗോവയിലെത്തിയ നൂറ യാദൃഛികമായാണ് അവിടെ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ സെന്ററില്‍ ചികിത്സയ്‌ക്കെത്തുന്നത്. പിന്നീട് റഷ്യയിലേക്ക് തിരിച്ചു പോയെങ്കിലും ഫോണ്‍ വിളികളിലൂടെ തുടര്‍ന്ന ഇവരുടെ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അത് വിവാഹത്തിലും ചെന്നെത്തി. വീട്ടില്‍ സിദ്ദീഖിന്റെ ഇരട്ട സഹോദരികളാണ് നൂറയുടെ ഏറ്റവും വലിയ കൂട്ട്. പ്രകൃതി രമണീയമായ വയനാടും അവിടുത്തെ പച്ചപ്പും ആളുകളെയുമൊക്കെ ഏറെയിഷ്ടമാണ് ഈ റഷ്യക്കാരിക്ക്. വീട്ടിലെ ആളുകളുമായി ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ തുടങ്ങിയതോടെ നൂറ ഇവര്‍ക്കൊപ്പം കൂടുതല്‍ ഇഴുകിച്ചേര്‍ന്നു. അല്‍പസ്വല്‍പം മുറി മലയാളവും പഠിച്ചു. സമൂസ, പത്തിരി തുടങ്ങിയ റമദാന്‍ വിഭവങ്ങളുടെ പേരുകളും ഇപ്പോള്‍ നൂറയ്ക്ക് വഴങ്ങും.
ഗോവയിലെ ആയുര്‍വേദ റിട്രീറ്റിങ് സെന്റര്‍ ഇരുവരും ചേര്‍ന്നാണ് ഇപ്പോള്‍ നടത്തുന്നത്. റമദാന്‍ സമാഗതമായതോടെ സെന്ററിന് അവധി കൊടുത്ത് നാട്ടിലേക്ക് പോരുകയായിരുന്നു. പെരുന്നാള്‍ കഴിഞ്ഞ് സ്വന്തംനാടായ റഷ്യയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ് കമ്പളക്കാടിന്റെ ഈ മരുമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."