നബിദിനാഘോഷത്തിന് ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം
കണ്ണൂര്‍: നബിദിനാഘോഷങ്ങള്‍ക്കു ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്നു ഹരിത കേരളം മിഷന്‍ നിര്‍ദേശം.
മഹല്ല് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് റാലികള്‍, പൊതുസമ്മേളനങ്ങള്‍, കലാപരിപാടികള്‍, ഭക്ഷണ വിതരണം, മതപ്രഭാഷണം എന്നിവ നടത്തുമ്പോള്‍ ഭക്ഷണ വിതരണത്തിനു നിരോധിത പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ വസ്തുക്കളും വ്യാപകമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സന്‍ ടി.എന്‍ സീമ മഹല്ല് കമ്മിറ്റികള്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഉപയോഗശേഷം ഇത്തരം വസ്തുക്കള്‍ കത്തിക്കുകയോ ജല സ്രോതസുകളിലേക്കും പൊതുഇടങ്ങളിലേക്കും വലിച്ചെറിയുകയോ ചെയ്യുന്നതു ഗുരുതര ആരോഗ്യ, പാരിസ്ഥിതിക, മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുന്നുണ്ട്. പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോകോളിലും നിര്‍മിതമായത് ഉള്‍പ്പെടെയുള്ള ഡിസ്‌പോസിബിള്‍ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പൂര്‍ണമായും ഒഴിവാക്കി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കണം.
അന്നദാന പരിപാടികളില്‍ ഭക്ഷണം പൊതിയുന്നതിനു പ്ലാസ്റ്റിക് പേപ്പറുകളും കവറുകളും ഒഴിവാക്കി വാഴയില പോലെയുള്ള പ്രകൃതി സൗഹൃദ മാര്‍ഗങ്ങളും തേടാം.
കഴിഞ്ഞ റമദാനിലും നബിദിനാഘോഷത്തിലും ഹരിത പെരുമാറ്റചട്ടവുമായി സഹകരിച്ചതിനു മഹല്ല് കമ്മിറ്റികള്‍ക്കുള്ള നന്ദിയും ഹരിത കേരളം മിഷന്‍ അറിയിച്ചു. ആരാധനാലയങ്ങളിലെ ആഘോഷങ്ങള്‍ക്കു ഹരിതപെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശഭരണ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
നബിദിനാഘോഷം പരിസ്ഥിതി
സൗഹൃദമാകണം: സമസ്ത
കോഴിക്കോട്: നബിദിനാഘോഷം പരിസ്ഥിതി സൗഹൃദമായി നടത്താന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. ആഘോഷ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുന്നതിനുളള സജ്ജീകരണങ്ങള്‍ മഹല്ല്,മദ്‌റസാ കമ്മിറ്റികള്‍ നടത്തണം.
നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളില്‍ ആഹാരപാനീയ വിതരണത്തിന് നിരോധിത പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കി പകരം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളും ഗ്ലാസ്സുകളും ഉപയോഗിക്കാന്‍ ശ്രമിക്കണം. ആഹാരം പൊതിയുന്നതിന് പ്ലാസ്റ്റിക് പേപ്പറുകള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. നബിദിനറാലിയുടെ പേരില്‍ മാര്‍ഗതടസം സൃഷ്ടിക്കുന്നതും വഴി വൃത്തികേടാകുന്നതും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തികച്ചും മാതൃകാപരമായി പരിപാടികള്‍ നടത്താന്‍ മഹല്ല്,മദ്‌റസാ കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."