ഹര്‍ത്താല്‍പോലുള്ള സമരമാര്‍ഗങ്ങള്‍ ഒഴിവാക്കുന്നതാകും അഭികാമ്യം: ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു
തൊടുപുഴ: പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ഹര്‍ത്താല്‍ പോലുള്ള സമരമാര്‍ഗങ്ങള്‍ ഒഴിവാക്കി ഇതര രീതികള്‍ അവലംബിക്കുന്നതാകും അഭികാമ്യമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു പറഞ്ഞു. കട്ടപ്പന കോടതി സമുച്ചയ അനുബന്ധ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഹര്‍ത്താല്‍ പോലുള്ള സമരമുറകള്‍ ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന സാക്ഷരതയുമുള്ള കേരളീയര്‍ക്ക് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതി അങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജുഡിഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും കോടതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 527 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവുകള്‍ അനുസരിക്കുകയെന്നത് നിയമ വ്യവസ്ഥയോടുള്ള ആദരവും സംസ്‌കാരത്തിന്റെ ഭാഗവുമാണ്. കോടതി ഉത്തരവുകള്‍ വ്യക്തതയോടെ ജനങ്ങളിലെത്തിക്കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി എം.എം. മണി, ജോയ്‌സ് ജോര്‍ജ് എം.പി, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."