ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബര്‍ 12 വരെ നീട്ടി
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബര്‍ 12വരെ നീട്ടി. ഇന്നലെ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയോഗത്തിന് ശേഷമാണ് തിയതി നീട്ടിയത്. കഴിഞ്ഞമാസം 18ന് ആരംഭിച്ച അപേക്ഷ സ്വീകരണം ഇന്നലെവരെ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഈ വര്‍ഷം ഹജ്ജ് അപേക്ഷകള്‍ കുറവായതിനാല്‍ കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാനുള്ള സമയം അനുവദിക്കുകയായിരുന്നു.
ഡിസംബര്‍ 12ന് വൈകുന്നേരം മൂന്ന് മണിക്കുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇവരുടെ വിവരങ്ങളടങ്ങിയ ഡാറ്റാ എന്‍ട്രി ഡിംസബര്‍ 21നകം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കൈമാറണം. ഹജ്ജ് നറുക്കെടുപ്പ് ഡിസംബര്‍ അവസാനത്തില്‍ നടക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഇന്നലെ വരെ 31686 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 963 പേര്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവരുടെ റിസര്‍വ് കാറ്റഗറിയില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം ലഭിക്കും. 45 വയസിന് മുകളില്‍ പ്രായമുളള പുരുഷ മെഹറമില്ലാതെ 1089 സ്ത്രീ അപേക്ഷകരും ജനറല്‍ വിഭാഗത്തില്‍ 29634 അപേക്ഷകരുമാണുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."