പെന്‍സ്റ്റോക്കുകള്‍ അതീവ ദുര്‍ബലം: പള്ളിവാസലിലെ രണ്ട് ജനറേറ്ററുകള്‍ നിര്‍ത്തിവച്ചു
തൊടുപുഴ: പെന്‍സ്റ്റോക്കുകള്‍ അതീവ ദുര്‍ബലമായതോടെ പള്ളിവാസലിലെ രണ്ട് ജനറേറ്ററുകള്‍ നിര്‍ത്തിവച്ചു. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച അഞ്ച് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഷട്ട്ഡൗണ്‍ ചെയ്തത്. അപകടസാധ്യതാ മുന്നറിയിപ്പ് അവഗണിച്ച് കാലഹരണപ്പെട്ട പെന്‍സ്റ്റോക്കിലൂടെ വെള്ളം ഒഴുക്കുന്നത് പള്ളിവാസല്‍ വൈദ്യുത പദ്ധതിയെ മുള്‍മുനയിലാക്കുന്നതായി കഴിഞ്ഞ 10ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കെ.എസ്.ഇ.ബി കോര്‍പറേറ്റ് പ്ലാനിങ് ജനറേഷന്‍ ഇലക്ട്രിക്കല്‍ ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ വെള്ളിയാഴ്ച പള്ളിവാസല്‍ സന്ദര്‍ശിച്ച് അടിയന്തര യോഗം ചേര്‍ന്നാണ് ജനറേറ്ററുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിന്റെ ഭാഗമായി പെന്‍സ്റ്റോക്കുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമുണ്ട്. എന്നാല്‍, എക്സ്റ്റന്‍ഷന്‍ പദ്ധതി അനന്തമായി നീളുന്നതാണ് പള്ളിവാസലിനു വിനയാകുന്നത്. അപകടനില ഒഴിവാക്കാന്‍ താല്‍ക്കാലികമായി ദുര്‍ബലഭാഗങ്ങള്‍ ശക്തിപ്പെടുത്താനാണ് ആലോചന. കെ.എസ്.ഇ.ബി സിവില്‍ വിഭാഗം ഈ ജോലികള്‍ ഏറ്റെടുക്കും.
78 വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ വൈദ്യുത പദ്ധതിയുടെ ആദ്യഘട്ടത്തിലെ അഞ്ച് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളുടെ പെന്‍സ്റ്റോക്കുകള്‍ ഏതുസമയത്തും പൊട്ടാന്‍ സാധ്യതയുണ്ട്. പലയിടത്തും അപകടകരമാംവിധം ചോര്‍ച്ചയാണ്. പെന്‍സ്റ്റോക്കുകള്‍ ദുര്‍ബലാവസ്ഥയിലാണെന്ന കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സി.പി.ആര്‍.ഐ) റിപ്പോര്‍ട്ട് നിലവിലുണ്ട്. സി.പി.ആര്‍.ഐയുടെ ശക്തമായ മുന്നറിയിപ്പ് അവഗണിച്ചാണ് പള്ളിവാസലില്‍ ഉല്‍പാദനം നടത്തിയിരുന്നത്. 7.5 മെഗാവാട്ടിന്റെ മൂന്നും അഞ്ച് മെഗാവാട്ടിന്റെ മൂന്നും ജനറേറ്ററുകളാണ് സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലില്‍ സ്ഥാപിച്ചിരിക്കുന്നത്. 10 മില്ലിമീറ്റര്‍ കനമുണ്ടായിരുന്ന പെന്‍സ്റ്റോക്കിന്റെ കനം കുറഞ്ഞ് മൂന്ന് മില്ലിമീറ്റര്‍ വരെയായി. ഇതു പൊട്ടിത്തെറിച്ചാല്‍ പന്നിയാറിനേക്കാള്‍ വലിയ ദുരന്തമാകുമെന്നാണ് വിലയിരുത്തല്‍.
പെന്‍സ്റ്റോക്കിലെ ചോര്‍ച്ച വര്‍ധിച്ചതോടെ പള്ളിവാസലിന്റെ ഉല്‍പാദനശേഷി 37.5 മെഗാവാട്ടില്‍ നിന്ന് 28 മെഗാവാട്ടായി കുറഞ്ഞിരുന്നു. പ്രതിദിനം ഒന്‍പത് ലക്ഷം യൂനിറ്റ് വൈദ്യുതി വരെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്ന നിലയത്തില്‍ ഇപ്പോള്‍ പരമാവധി 6.3 ലക്ഷം യൂനിറ്റ് വരെ ഉല്‍പാദിപ്പിക്കാനേ കഴിയുന്നുള്ളൂ. പെന്‍സ്റ്റോക്ക് വഴി ആവശ്യത്തിന് വെള്ളം ജനറേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം.
വിവാദമായ ലാവ്‌ലിന്‍ നവീകരണത്തില്‍ ഇവിടെയുള്ള പെന്‍സ്റ്റോക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. കോണ്‍ക്രീറ്റ് ആങ്കറുകളിലാണ് പൈപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. പല ആങ്കറുകളും തകര്‍ന്ന നിലയിലാണ്. 50 അടിക്ക് ഒന്ന് വീതം 60 ജോയിന്റുകള്‍ ഇതിനുണ്ട്. നവീകരണത്തിന്റെ പേരില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി കോടികളാണ് തട്ടിയെടുത്തത്.
2007 സെപ്റ്റംബര്‍ 17ന് പന്നിയാര്‍ വാല്‍വ് ഹൗസില്‍നിന്ന് പവര്‍ ഹൗസിലേക്കു വെള്ളമെത്തിച്ചിരുന്ന പെന്‍സ്റ്റോക്ക് പൊട്ടിത്തെറിച്ച് വൈദ്യുതി ബോര്‍ഡിലെ അസി. എന്‍ജിനീയര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിക്കുകയും കോടികളുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."